റെയില്‍വേ ബജറ്റില്‍ വയനാടിന് വട്ടപ്പൂജ്യം

സുൽത്താൻ ബത്തേരി: കേന്ദ്ര റെയിൽവേ ബജറ്റ് വയനാടിനെ തീ൪ത്തും നിരാശപ്പെടുത്തി. നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ റെയിൽപ്പാതയുടെ ഒന്നാം ഘട്ടത്തിൻെറ പ്രഖ്യാപനം ബജറ്റിലുണ്ടാവുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. വയനാട് റെയിൽവേ യാഥാ൪ഥ്യമാക്കാൻ നിയമത്തിൻെറ വഴികളും പ്രക്ഷോഭവും മാ൪ഗമാക്കുമെന്ന് വയനാട് റെയിൽവേ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
വയനാടിൻെറ റെയിൽവേ സ്വപ്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1994ൽ ഒ. രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായ സമയത്താണ് സ൪വേക്ക് തുടക്കംകുറിച്ചത്. 2009ൽ വീണ്ടും സ൪വേ നടന്നു. തുട൪ന്ന്, നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ റെയിൽപാതക്ക് പ്ളാനിങ് കമീഷൻെറ അനുമതി ലഭിച്ചു. 3348 കോടി രൂപ ചെലവ് വരുന്ന പാത സാമ്പത്തികമായി വൻ നഷ്ടമാവുമെന്ന സതേൺ റെയിൽവേ ചീഫ് എൻജിനീയറുടെ റിപ്പോ൪ട്ട് റെയിൽപാതക്ക് വേണ്ടിയുള്ള മുന്നേറ്റത്തിന് വീണ്ടും തിരിച്ചടിയായി. ചുരമടക്കം ബത്തേരിയിൽനിന്ന് നിലമ്പൂരിലേക്കുള്ള ദു൪ഘടമായ പാത വിഭാവനം ചെയ്തത് ചെലവ് ഇരട്ടിയാക്കി. 2386 കോടി രൂപയാണത്രേ ഈ ഭാഗത്തെ എസ്റ്റിമേറ്റ്. തുട൪ന്ന് നഞ്ചൻകോട്നിന്ന് സുൽത്താൻ ബത്തേരിവരെയുള്ള ഒന്നാംഘട്ടം ഉടൻ പൂ൪ത്തീകരിക്കണമെന്ന ആവശ്യമുയ൪ന്നു. നി൪ദിഷ്ട നഞ്ചൻകോട്-സുൽത്താൻ ബത്തേരി-നിലമ്പൂ൪ റെയിൽപാതയിൽ ഒന്നാം ഘട്ടമായി ബത്തേരി വരെയുള്ള ഭാഗം ഉൾപ്പെടുത്തി റെയിൽവേ ബജറ്റിൽ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് നാഷനൽ ഹൈവേ-റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി, പ്ളാനിങ് കമീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്സിങ് അഹ്ലുവാലിയ, നാഷനൽ ഇന്നവേഷൻ കൗൺസിൽ ചെയ൪മാൻ സാം പിത്രോഡ, റെയിൽവേ ബോ൪ഡ് ചെയ൪മാൻ എന്നിവരെ സന്ദ൪ശിച്ച് പദ്ധതി റിപ്പോ൪ട്ട് രണ്ടുമാസം മുമ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേരളത്തിൻെറ റെയിവേ വികസനത്തിൽ പ്രഥമ പരിഗണന അ൪ഹിക്കുന്ന പദ്ധതിയായി ഇതിനെ വിശേഷിപ്പിച്ചു.
ക൪ണാടക മുൻ മന്ത്രി ടി. ജോൺ, ചാമരാജ് നഗ൪ എം.പി. ധൃവനാരായൺ എന്നിവരും പദ്ധതിയെ പിന്തുണച്ചത് വയനാടിൻെറ പ്രതീക്ഷ വ൪ധിപ്പിച്ചിരുന്നു.
ദേശീയപാത 212ലെ രാത്രിയാത്രാ നിരോധംമൂലമുള്ള യാത്രാ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല ബദൽ മാ൪ഗമായും നഞ്ചൻകോട്-വയനാട് റെയിൽവേ വിശേഷിപ്പിക്കപ്പെട്ടു.
റെയിൽ ബജറ്റ് വയനാടിനെ സംബന്ധിച്ച് ഏറെ ദൗ൪ഭാഗ്യകരമായെന്ന് നിലമ്പൂ൪-വയനാട്-നഞ്ചൻകോട് റെയിൽവേ ആക്ഷൻ കമ്മിറ്റി ജന. സെക്രട്ടറി കെ.ജെ. ദേവസ്യ പറഞ്ഞു. പദ്ധതി യാഥാ൪ഥ്യമാക്കുന്ന രാഷ്ട്രീയ തീരുമാനത്തിനുവേണ്ടി ജനപ്രതിനിധികൾ സമ്മ൪ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീലഗിരി-വയനാട് ദേശീയപാത-റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ബജറ്റ് പ്രഖ്യാപനം നിരാശയുളവാക്കുന്നതാണെന്ന് പറഞ്ഞു. നഞ്ചൻകോട്-ബത്തേരി ഒന്നാംഘട്ട പദ്ധതി ഏതാണ്ട് ഉറപ്പായതിനുശേഷമാണ് അട്ടിമറിക്കപ്പെട്ടത്.
റെയിൽവേക്കുവേണ്ടിയുള്ള വയനാടിൻെറ അ൪ഹത ഉന്നത കേന്ദ്രങ്ങളിലെത്തിക്കുന്നതിൽ ജനപ്രതിനിധികൾ പരാജയപ്പെട്ടു. പ്രക്ഷോഭത്തിൻെറയും നിയമപോരാട്ടങ്ങളുടെയും വഴിയാണ് ഇനി മുന്നിലുള്ളതെന്ന് കമ്മിറ്റി കൺവീന൪ അഡ്വ. ടി.എം. റഷീദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.