ചലഞ്ച് കപ്പ്: നാണംകെട്ട് ഇന്ത്യന്‍ മടക്കം

കാഠ്മണ്ഡു: ഗ്രൂപ്പിലെ മൂന്നു കളികളും തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എ.എഫ്.സി ചലഞ്ച് കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൽനിന്ന് നാണംകെട്ട് പടിയിറങ്ങി. ആദ്യ രണ്ടു കളിയും തോറ്റ് സെമി കാണാതെ പുറത്തായ ഇന്ത്യ ചൊവ്വാഴ്ച നടന്ന അവസാന ഗ്രൂപ് ‘ബി’ മത്സരത്തിൽ വടക്കൻ കൊറിയയോട് എതിരില്ലാത്ത നാലു ഗോളുകൾക്ക് വൻ തോൽവി വഴങ്ങി. മൂന്നു കളിയും ജയിച്ച് വ.കൊറിയ ഗ്രൂപ് ജേതാക്കളായി അവസാന നാലിൽ കടന്നപ്പോൾ തജികിസ്താനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയ ഫിലിപ്പീൻസ് ആറു പോയൻറുമായി രണ്ടാം സ്ഥാനക്കാരായി സെമയിലെത്തി. തജികിസ്താൻ മൂന്നു പോയൻറു സ്വന്തമാക്കിയപ്പോൾ പോയൻെറാന്നുമില്ലാത്ത ഇന്ത്യ അവസാന സ്ഥാനക്കാരായി. ഒരു ഗോൾ പോലുമടിക്കാതെ മടങ്ങുന്ന ഇന്ത്യ മൂന്നു കളികളിൽ വഴങ്ങിയത് എട്ടുഗോൾ.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുല൪ത്തിയ കൊറിയക്കാ൪ ദശരഥ് സ്റ്റേഡിയത്തിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ഫ്രീകിക്കിൽനിന്നു വന്ന നീക്കത്തിൽ ജോൻ ക്വാങ് ഇക് ആണ് ഇന്ത്യൻ പ്രതിരോധത്തിൻെറ ആലസ്യം മുതലെടുത്ത് വല കുലുക്കിയത്. 34ാം മിനിറ്റിൽ ക്വാങ് ഹ്യോക് റിയുടെ ബൂട്ടിൽനിന്നായിരുന്നു രണ്ടാം ഗോൾ.
ഇടവേളക്കുശേഷവും ഇന്ത്യയെ അടക്കിഭരിച്ച കൊറിയൻ സംഘം 59ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. പന്തുമായി ബോക്സിൽ കയറിയ പാക് നാം ചോൽ ഇന്ത്യൻ ഡിഫൻഡ൪ ഗൗ൪മാംഗി സിങ്ങിനെ മറികടന്ന് ഗോളി സുഭാശിഷ് റോയ് ചൗധരിയെയും നിസ്സഹായനാക്കി നിറയൊഴിച്ചു. വലതുവിങ്ങിൽ നിന്ന് റി ക്യാങ് ഹോക് ഉതി൪ത്ത ക്രോസിൽ ഹെഡറുതി൪ത്ത് റി ചോൽ മ്യോങ് 70ാം മിനിറ്റിൽ കൊറിയയുടെ നാലാം ഗോൾ നേടി.
ഇതിനിടെ 67ാം മിനിറ്റിൽ നിറംമങ്ങിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പിൻവലിച്ച് ഇന്ത്യൻ കോച്ച് സാവിയോ മെദീര മലയാളി സ്ട്രൈക്ക൪ സി.എസ്.സബീത്തിനെ കളത്തിലിറക്കിയെങ്കിലും 82ാം മിനിറ്റിലാണ് സബീത്തിന് ആദ്യമായി പന്തു തൊടാൻ കിട്ടിയത്.
തജികിസ്താനെതിരെ പിന്നിൽനിന്നശേഷം പൊരുതിക്കയറിയാണ് ഫിലിപ്പീൻസ് അനിവാര്യജയം സ്വന്തമാക്കിയത്. ഒന്നാം പകുതിയുടെ അന്ത്യഘട്ടത്തിൽ അലക്സി നെഗ്മാട്ടോവിലൂടെ മുന്നിലെത്തിയ തജികിസ്താൻെറ വലയിൽ 54ാം മിനിറ്റിൽ ജെയിംസ് യങ്ഹസ്ബാൻഡും 80ാം മിനിറ്റിൽ ഏയ്ഞ്ചൽ ഗ്വിരാ൪ഡോയുമാണ് പന്തെത്തിച്ചത്.
ആദ്യസെമിയിൽ വെള്ളിയാഴ്ച തു൪ക്മെനിസ്താൻ ഫിലിപ്പീൻസുമായി മാറ്റുരക്കും. വ.കൊറിയയും തജികിസ്താനും തമ്മിലാണ് രണ്ടാം സെമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.