റയലിന് ഗംഭീര ജയം

മഡ്രിഡ്: എസ്പാൻയോളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് നിലംപരിശാക്കിയ റയൽ മഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബാളിൽ ഒന്നാംസ്ഥാനത്ത് 10പോയന്റ് ലീഡ് നിലനി൪ത്തി. ലാലിഗയിൽ തുട൪ച്ചയായ 10ാം ജയം നേടിയാണ് കിരീടസാധ്യത റയൽ വ൪ണാഭമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ റയലിന് 10 പോയന്റ് പിന്നിൽ രണ്ടാമതാണ്. ഗോൺസാലോ ഹിഗ്വെയ്ൻ രണ്ടു ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ, സമി ഖെദീര, കക്കാ എന്നിവ൪ ഓരോ ഗോൾ നേടി. സോഫിയാൻ ഫെഗൂലി നേടിയ ഗോളിൽ വലൻസിയ 1-0 ത്തിന് ഗ്രാനഡയെ കീഴടക്കി മൂന്നാം സ്ഥാനത്ത് തുടരുന്നു. റയൽ സൊസീഡാഡിനെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിച്ച അത്ലറ്റിക് ബിൽബാവോ നാലാം സ്ഥാനത്തേക്ക് ഉയ൪ന്നു.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെ൪ണബ്യൂ സ്റ്റേഡിയത്തിൽ തികഞ്ഞ ആധിപത്യം പുല൪ത്തിയ റയൽ മാഡ്രിഡ് അതിവേഗ പാസിങ്ങും മുനകൂ൪ത്ത പ്രത്യാക്രമണങ്ങളുമായി എസ്പാൻയോളിനെ അടിമുടി കുഴക്കി. ഇതിനൊപ്പം ഫിനിഷിങ്ങിലും റയൽ തക൪പ്പൻ ഫോമിലേക്ക് ഉയ൪ന്നതോടെ പിടിച്ച് നിൽക്കാമെന്ന എസ്പാൻയോൾ മോഹങ്ങൾ പച്ച തൊട്ടതേയില്ല. 23ാം മിനിറ്റിൽ മെസൂത് ഒസീലും ഹിഗ്വെയ്നും ചേ൪ന്ന നീക്കത്തിനൊടുവിൽ പന്ത് ലഭിച്ച റൊണാൾഡോയാണ് മഡ്രിഡുകാരെ മുന്നിലെത്തിച്ചത്. ലീഗിൽ പോ൪ചുഗീസ് വിങ്ങറുടെ 30ാം ഗോളായിരുന്നു അത്. ഇടവേളക്ക് മുമ്പ് വലകുലുക്കിയ ഖെദീരയാണ് ലീഡുയ൪ത്തിയത്.
രണ്ടാം പകുതി തുടങ്ങിയ ഉടൻ ഹിഗ്വെയ്ൻ മൂന്നാം ഗോൾ നേടി. ഇടത് വിങ്ങിലൂടെ മുന്നേറി കക്കാ നൽകിയ പാസിൽ ഹിഗ്വെയ്ൻ വലയിലേക്ക് ഫസ്റ്റ് ടൈം ഷോട്ടുതി൪ത്തു. മത്സരത്തിലുടനീളം നിറഞ്ഞ് കളിച്ച കക്കാ 67ാം മിനിറ്റിൽ നാലാം ഗോൾ നേടിയത് ഹിഗ്വെയ്ന് നൽകിയ പാസിൽ നിന്നായിരുന്നു. 12 മിനിറ്റിന് ശേഷം ഇടത് പാ൪ശ്വത്തിൽ നിന്ന് കക്കാ വീണ്ടും അവസരമൊരുക്കിക്കൊടുത്തപ്പോൾ സീസണിൽ 15ാം ലീഗ് ഗോളുമായി ഹിഗ്വെയ്ൻ പട്ടിക തികച്ചു.
മറ്റൊരു മത്സരത്തിൽ താഴേത്തട്ടിലുള്ള റയൽ സാരഗോസ പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറി 2-1 ന് വിയ്യാറയലിനെ കീഴടക്കി. അവസാന അഞ്ച് മിനിറ്റിൽ ലൂയി ഗാ൪ഷ്യയും അബ്രഹാം മിനേറോയുമാണ് സരഗോസയുടെ ഗോളുകൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.