കോട്ടയം: കേരളത്തിൻെറ ചാമ്പ്യൻ ക്ളബായിരുന്ന എസ്.ബി.ടി തിരിച്ചടികളിൽനിന്ന് കരകയറി പുതുകുതിപ്പിന് കച്ച മുറുക്കുന്നു. പുതിയ താരങ്ങളെ റിക്രൂട്ട് ചെയ്ത് പടയണിക്ക് കരുത്തുകൂട്ടിയ ടീം നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനത്തിലാണ്. ദേശീയതലത്തിൽ ശ്രദ്ധേയരായവരടക്കം ആറ് താരങ്ങളെ ഉൾപ്പെടുത്തിയാണ് എസ്.ബി.ടി ഊ൪ജം തേടുന്നത്.
അടുത്തിടെ ഭിലായിയിൽ നടന്ന അഖിലേന്ത്യ അയൺ ഓ൪ ഗോൾഡ് കപ്പിൽ കിരീടം ചൂടിയ ടീം തിരിച്ചുവരവിൻെറ സൂചന നൽകിക്കഴിഞ്ഞു. പരിക്കിൻെറ പിടിയിലായ സ്റ്റാ൪ സ്ട്രൈക്ക൪ ആസിഫ് സഹീറും പ്ളേമേക്ക൪ അബ്ദുൽ നൗഷാദും ഇല്ലാതെയാണ് ടൂ൪ണമെൻറിൽ ചാമ്പ്യന്മാരായതെന്നത് വിജയത്തിൻെറ മാറ്റ് കൂട്ടുന്നതായാണ് ടീം മാനേജ്മെൻറ് വിലയിരുത്തുന്നത്. ഫൈനലിൽ എൻ.ഇ.ഐ ബിലാസ്പുറിനെയാണ് ഏകപക്ഷീയമായ രണ്ട് ഗോളിന് എസ്.ബി.ടി പരാജയപ്പെടുത്തിയത്. പുതുതായി ടീമിലേക്കുവന്ന ഉസ്മാൻെറ വകയായിരുന്നു രണ്ട് ഗോളും. സെമിയിൽ പ്രശസ്തരായ ടാറ്റ ഫുട്ബാൾ അക്കാദമിയെ വീഴ്ത്തിയാണ് എസ്.ബി.ടി ഫൈനലിലേക്ക് കുതിച്ചത്. ഷിബിൻലാലിൻെറ വകയായിരുന്നു വിജയഗോൾ.
കഴിഞ്ഞവ൪ഷം ശ്രദ്ധേയ മുന്നേറ്റം നടത്തിയ മലബാ൪ യുനൈറ്റഡിൻെറ നിരയിൽ തിളങ്ങിയതാണ് മുന്നേറ്റ നിരയിലേക്ക് ഉസ്മാനെ ക്ളബ് നോട്ടമിടാൻ കാരണം.വിവാ കരേളക്ക് കളിച്ച ഗോൾകീപ്പ൪ നൗഫൽ, സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനു ബൂട്ടണിഞ്ഞ റോബിൻരാജു, ആ൪. പ്രസൂൺ, സംസ്ഥാന അണ്ട൪ 21 ടീമിൻെറ ശക്തിസാന്നിധ്യമായിരുന്ന വയനാട്ടുകാരന്‍്വ വി.എം. ഷജീ൪, ടി. അജിത് എന്നിവരാണ് ടീമിലേക്കുവന്ന മറ്റ് പുതിയ താരങ്ങൾ. വിങ്ങുകളിലൂടെ പന്തുമായി കുതിക്കുന്നതിൽ സമ൪ഥനായ പ്രസൂണും മലബാ൪ യുനൈറ്റഡിൽനിന്നാണ് കൂടുമാറിയത്.
പരിശീലകൻെറ കുപ്പായത്തിൽ അനുഭവ സമ്പന്നനായ മുൻ ഇന്ത്യൻ താരം വി.പി. ഷാജി ആണെന്നത് ടീമിന് പ്രതീക്ഷ പകരുന്നുണ്ട്. ഒമ്പത് വ൪ഷം എസ്.ബി.ടിക്കു കളിച്ച ഷാജിക്ക് ഓരോ കളിക്കാരൻെറയും കുതിപ്പും കിതപ്പും മനഃപാഠമാണ്. അതിവിപുലമായ കളിപരിചയവുമായി പുതിയ റോളിലേക്ക് മാറിയ ഷാജി പരിശീലകനായും ടീമിനോട് ഇണങ്ങിച്ചേ൪ന്നു കഴിഞ്ഞു. ഒമ്പത് വ൪ഷം സന്തോഷ് ട്രോഫിയിൽ കേരളത്തിൻെറ കുപ്പായമിടുകയും ഒരു തവണ നയിക്കുകയും ചെയ്ത ഷാജി ടീമിൻെറ സമീപകാല പ്രകടനങ്ങളിൽ സംതൃപ്തനാണ്്.
ആസിഫ് സഹീറും നൗഷാദും തിരിച്ചെത്തുന്നതോടെ മൂ൪ച്ച കൂടുന്ന ആക്രമണനിര വരും മത്സരങ്ങളിൽ കൂടുതൽ ലക്ഷ്യങ്ങളിലേക്ക് തുളച്ചുകയറുമെന്നാണ് പരിശീലകൻെറയും ടീം അധികൃതരുടെയും പ്രതീക്ഷ. രണ്ടുതവണ ദേശീയ ലീഗിൽ പോരിനിറങ്ങുകയും പലവട്ടം സംസ്ഥാന ചാമ്പ്യന്മാരാവുകയും ചെയ്തിട്ടും ഏറെയൊന്നും മുന്നോട്ടുപോകാൻ കഴിയാതെപോയ എസ്.ബി.ടിക്ക് അടുത്തകാലത്ത് എടുത്തുപറയാൻ നേട്ടങ്ങളൊന്നുമില്ലാതിരിക്കുകയായിരുന്നു.
പുതിയ കരുത്തുമായി മുന്നേറ്റത്തിനൊരുങ്ങുമ്പോഴും രണ്ടാം ഡിവിഷൻ ലീഗിൽ കളിക്കാനായേക്കില്ളെന്ന ആശങ്ക ടീമിനെ വിഷമിപ്പിക്കുന്നുണ്ട്. സാങ്കേതികപ്രശ്നങ്ങളാണ് രണ്ടാം ഡിവിഷനിൽ ടീമിന് മുന്നിൽ കടമ്പകൾ സൃഷ്ടിക്കുന്നത്. മാനദണ്ഡങ്ങൾ ക൪ക്കശമാക്കിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഡിപ്പാ൪ട്ട്മെൻറൽ ടീം എന്നുപറഞ്ഞാണ് എസ്.ബി.ടിയുടെ ലീഗ് പ്രവേശം തടയുന്നത്. ഈ കടമ്പ മാറ്റാൻ മാനേജ്മെൻറിൻെറ ഭാഗത്തുനിന്ന് കൂടുതൽ ഫലപ്രദമായ ഇടപെടലുകളും സാമ്പത്തിക നിക്ഷേപവും ആവശ്യമാണ്. പ്രശ്നങ്ങൾ നീങ്ങി ലീഗ് കളിക്കാൻ അവസരമൊരുങ്ങും എന്ന പ്രതീക്ഷയിലാണ് കോച്ചും കളിക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.