എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ മകൾ തിരിച്ചെത്തിയപ്പോൾ ഇബ്രാഹീമിന്റെയും യുസ്‌നിയ൪ ബിൻതിയുടെയും കണ്ണുകൾ ഈറനണിഞ്ഞു. വ൪ഷങ്ങൾക്ക് മുമ്പ് സുനാമിതിരമാലകൾ കവ൪ന്നെടുത്ത പൊന്നുമകൾ വതി തന്നെയാണോ ഇതെന്ന് അവ൪ സംശയിച്ചു. എന്നാൽ വതിക്ക് ഉമ്മയെയും ഉപ്പയെയും സംശയമില്ലാതെ തിരിച്ചറിയാമായിരുന്നു.
ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലെ മെലാബോ നഗരത്തിലെ ഒരു ചായക്കടയാണ് അപൂ൪വ്വമായ പുനസമാഗമത്തിന് സാക്ഷിയായത്. 2004ൽ ഇതുപോലൊരു ഡിസംബറിൽ സുനാമിയുടെ രാക്ഷസത്തിരമാലകൾ ഇന്തോനേഷ്യൻ തീരങ്ങളെ നക്കിതുടച്ചപ്പോൾ രണ്ട് ലക്ഷത്തി മുപ്പതിനായിരം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. 30അടി ഉയരത്തിൽ തിരമാലകൾ ആ൪ത്തലച്ച് വരുന്നത് കണ്ട് രണ്ട് മക്കളെയും ഒരു തോണിയിലാക്കി ജീവനുംകൊണ്ട് തിരിച്ചോടിയത് പിതാവ് ഇബ്രാഹിമിന് ഇപ്പോഴും ഓ൪മയുണ്ട്. അവരിലൊരാളായിരുന്ന വതിയാണ് ഇപ്പോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് തിരിച്ചുവന്നത്. എന്നാൽ കൂടെയുണ്ടായിരുന്ന സഹോദരിയെ കുറിച്ച് വിവരമൊന്നുമില്ല.
തിരമാലകൾ അടങ്ങിയപ്പോൾ കരയിലടിഞ്ഞ തോണിയിൽ നിന്ന് വതിയെ ഒരു സ്ത്രീ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുട൪ന്ന് സ്ത്രീയോടൊപ്പം ഭിക്ഷയെടുത്ത് കഴിഞ്ഞുവരികയായിരുന്നു വതി. എന്നാൽ പിന്നീട് വരുമാനം കുറഞ്ഞതിനെ തുട൪ന്ന് വതിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളെ തേടി വിവിധ സ്ഥലങ്ങളിൽ അലഞ്ഞ പെൺകുട്ടി കഴിഞ്ഞദിവസം ആച്ചെയിലെ ഒരു ചായക്കടയിലെത്തി പതിവുപോലെ പിതാവ് ഇബ്രാഹീമിനെ അറിയുമോ എന്ന് അന്വേഷിക്കുകയായിരുന്നു. ദൈവത്തിന്റെ ഇടപെടലെന്നോണം ഇബ്രാഹീമിനെ പരിചയമുള്ളൊരാൾ ആ കടയിലുണ്ടായിരുന്നു. അദ്ദേഹം വതിയെ കുടുംബത്തിനടുത്തെത്തിച്ചതോടെ ഏഴു വ൪ഷം നീണ്ട വതിയുടെ അലച്ചിലിന് ശുഭപര്യവസാനമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.