ബൊഗോട്ട: കൊളംബിയയിൽ എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 11 പേ൪ മരിച്ചു. 100 പേ൪ക്ക് പരിക്കേൽക്കുകയും രണ്ട് ഡസനിലധികം വീടുകൾ കത്തിനശിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
കൊളംബിയൻ ദേശീയ എണ്ണ കമ്പനിയായ എക്കോപെട്രോളിന്റെ ഉടമസ്ഥതയിലുള്ള പൈപ്പ് ലൈനിലാണ് സ്‌ഫോടനമുണ്ടായത്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 170 കി.മീ തെക്കു പടിഞ്ഞാറ് റിസറാൾഡ മേഖലയിലാണ് സംഭവമുണ്ടായത്.
സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃത൪ അറിയിച്ചു. പൈപ്പ് ലൈനിൽ നിന്നും എണ്ണ ചോ൪ത്താനുള്ള ശ്രമത്തിനിടെയായിരിക്കും സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കനത്ത മഴ കാരണമാണ് അപകടമുണ്ടായതെന്ന് കമ്പനി പുറത്തുവിട്ട വാ൪ത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവസ്ഥലം പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ് സന്ദ൪ശിക്കുകയും അപകടത്തിനിരയായവ൪ക്ക് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അട്ടിമറി നടന്നിട്ടുണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.