തൊടുപുഴ: ജില്ലയിൽ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ബ്ലോക്ക് പഞ്ചായത്തുകളും വലത് പക്ഷത്തേക്ക് കടപുഴകി. എട്ട് ബ്ലോക്കുള്ള ജില്ലയിൽ പകുതിയോളം ബ്ലോക്കുകളുടെ നിയന്ത്രണമുണ്ടായിരുന്ന ഇടതുപക്ഷമാകട്ടെ ഒന്നിലേക്കൊതുങ്ങി. ദേവികുളം ബ്ലോക്കാണ് ജില്ലയിലെ ഏകകനൽതരി. പല ബ്ലോക്കുകളിലും പ്രതിപക്ഷം പേരിന് മാത്രമായി.
എട്ട് ബ്ലോക്കിലായി ആകെ 112 ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലയിലുളളത്. ഇതിൽ 85 എണ്ണം യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയപ്പോൾ ഇടത് മുന്നണി 24ലൊതുങ്ങി. മൂന്ന് ഡിവിഷനുകളിൽ സ്വതന്ത്രരും വിജയിച്ചു. ഇളംദേശം, ഇടുക്കി ബ്ലോക്കുകളിൽ മുന്നണിയുടെ ഔദ്യോഗിക അംഗസംഖ്യ ഒന്നിലൊതുങ്ങി. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും 14 ഡിവിഷനുകളാണുള്ളത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് 12 ഡിവിഷനുകൾ പിടിച്ചപ്പോൾ എൽ.ഡി.എഫാകട്ടെ പള്ളിവാസൽ, ബൈസൺവാലി ഡിവിഷനുകളിലൊതുങ്ങി.
അഴുതയിലാകട്ടെ വാഗമൺ, വണ്ടിപ്പെരിയാർ, മഞ്ചുമല എന്നി ഡിവിഷനുകളാണ് ഇടത് മുന്നണിയുടെ സമ്പാദ്യം. ദേവികുളം ഡിവിഷനിലെ വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ, മേരികുളം, മൂന്നാർ, ഇടമലക്കുടി ഡിവിഷനുകൾ പിടിച്ചാണ് ഇടത് മുന്നണി ഭരണംപിടിച്ചത്. ഇളംദേശം ബ്ലോക്കിൽ കുടയത്തൂർ ഡിവിഷനും ഇടുക്കി ബ്ലോക്കിൽ പൈനാവ് ഡിവിഷനും മാത്രമാണ് ഇടത് സമ്പാദ്യം. കട്ടപ്പനയിൽ രണ്ട് ഡിവിഷനും നെടുങ്കണ്ടത്ത് അഞ്ച് ഡിവിഷനും തൊടുപുഴയിൽ രണ്ട് ഡിവിഷനിലും ഇടത് മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. ബ്ലോക്ക് ഡിവിഷനുകളിൽ മത്സരിക്കാനിറങ്ങിയ ബി.ജെ.പിക്കോ ഘടകകക്ഷികൾക്കോ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.