തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് മത്സര രംഗത്തിറങ്ങിയ ചെറു കക്ഷികൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി. ആംആദ്മി,ബി.ഡി.ജെ.എസ് അടക്കം ചെറു പാർട്ടികളാണ് കാര്യമായ ചലനം സൃഷ്ടിക്കാതിരുന്നത്. എന്നാൽ ആംആദ്മി പാർട്ടിക്ക് കരിങ്കുന്നം പഞ്ചായത്തിൽ ഒരു സീറ്റ് നേടാനായെങ്കിൽ എൻ.ഡി.എ ഘടക കക്ഷി ബി.ഡി.ജെ.എസ് ചിത്രത്തിലേ ഇല്ല.ജില്ലയിലെ വിവിധ ജനകീയ പ്രശ്നങ്ങളും സംസ്ഥാന ദേശീയ രാഷ്ട്രീയവും ഉയർത്തിക്കാണിച്ചാണ് ആംആദ്മി അടക്കമുളളവ മത്സര രംഗത്തിറങ്ങിയത്. പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ ചില തോട്ടം തൊഴിലാളി സംഘടനകൾ അടക്കം ഇവർക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു
ജില്ലയിൽ കന്നിയങ്കത്തിനിറങ്ങിയ ട്വൻറി-20 പാർട്ടി മണക്കാട് പഞ്ചായത്തിൽ ചെറു ചലനം സൃഷ്ടിച്ചു. ഇവിടെ മത്സരിച്ച പാർട്ടി സ്ഥാനാർഥികളിൽ രണ്ട് പേർ 1,14 വാർഡുകളിൽ വിജയിച്ചു. പഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യ അംഗസംഖ്യയായതിനാൽ ഇവരുടെ നിലപാട് നിർണായകമാകും. ഇവിടെ ഭരണത്തിലേറാൻ ട്വൻറി-20യുടെ പിന്തുണക്കായി മുന്നണികൾ കരു നീക്കവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി പ്രസിഡൻറ് സാബു ജേക്കബ്ബായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് ഭാരവാഹികൾ നൽകുന്ന സൂചന. ഒരു പതിറ്റാണ്ട് മുമ്പ് കിഴക്കമ്പലത്ത് വ്യവസായിയായ സാബു.എം.ജേക്കബിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയാണിത്.
തുടർന്ന് 2015 ൽ ഇവർ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളുടേയും വടവുകോട് ബ്ലോക്കിൻറെയും ഭരണം ലഭിച്ച ഇവർക്ക് പക്ഷെ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. ഐക്കരനാട്. കിഴക്കമ്പലം പഞ്ചായത്തുകളിൽ മാത്രമായി ഭരണം ചുരുങ്ങി.എന്നാൽ ആദ്യമായി ജില്ലക്ക് പുറത്ത് മത്സരിക്കാനിറങ്ങി മണക്കാട് പഞ്ചായത്തിൽ രണ്ട് സീറ്റ് നേടിയതാണ് എടുത്ത് പറയാവുന്ന നേട്ടം. ജില്ല പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ എ.എ.പി ജില്ല പ്രസിഡൻറ് അഡ്വ. ബേസിൽ ജോൺ 7138 വോട്ടുകൾ നേടി. എന്നാൽ തോട്ടം മേഖലയിലെ ചില തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ മൂന്നാർ ഡിവിഷനിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥി മാത്യു ജോസ് നേടിയത് 1332 വോട്ടുകളാണ്.
ജില്ലയിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയ ദ്രാവിഡ കക്ഷികളും സംപൂജ്യരായി.ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ കക്ഷികളാണ് ജില്ലയിലെ തമിഴ് സ്വാധീന മേഖലകളിൽ ശക്തി തെളിയിക്കാനിറങ്ങിയത്. എന്നാൽ ഇവർക്ക് ഒന്നും ചെയ്യാനായില്ല. മൂന്നാർ പഞ്ചായത്തിലെ സെവന്മല വാർഡിൽ മത്സരിക്കാനിറങ്ങിയ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിക്ക് ലഭിച്ചത് 62 വോട്ടുകളാണ്. മൂന്നാർ ടൗൺ വാർഡിലെ പാർട്ടി സ്ഥാനാർഥിക്ക് കിട്ടിയതാകട്ടെ 2 വോട്ടുമാണ്. ജില്ല പഞ്ചായത്ത് ദേവികുളം ഡിവിഷനിൽ മത്സരിച്ച എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ദ്വരൈപാണ്ടി നേടിയത് 623 വോട്ടാണ്.
മൂന്നാർ ഡിവിഷനിലെ സ്ഥാനാർഥി ചെല്ലദുരൈ നേടിയതാകട്ടെ 274 വോട്ടുകൾ. ദേവികുളം ബ്ലോക്കിലെ മറയൂർ ഡിവിഷനിൽ പാർട്ടി സ്ഥാനാർഥി ശാന്തകുമാർ 145 വോട്ട് നേടിയപ്പോൾ കാന്തല്ലൂർ വാർഡിൽ പാർട്ടി സ്ഥാനാർഥി സുരേഷ് നേടിയത് 51 വോട്ടുകളാണ്.ശിവന്മല ഡിവിഷനിലെ സ്ഥാനാർഥി പഴനിസ്വാമി 119 വോട്ടും നേടി. ദേവികുളം ഡിവിഷനിലെ ഡി.എം.കെ സ്ഥാനാർഥി കുമാർ നേടിയത് 228 വോട്ടുകൾ. ചില തോട്ടം തൊഴിലാളി സംഘടനകളുൾപ്പടെ ദ്രാവിഡ പാർട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത് കൊണ്ട് ഇവരുടെ വോട്ട് ഉയരുമെന്ന് കരുതപ്പെട്ടിരുന്നു.എന്നാൽ ഒന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.