തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, എന്നീ നാല് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് മുൻതൂക്കം നേടിയപ്പോൾ ഇടതിന് ആശ്വാസമായത് ദേവികുളം മാത്രം. പലയിടത്തും പരമ്പരാഗത ഇടതുകോട്ടകളിൽ വിള്ളൽ ഉണ്ടായതായാണ് തെരഞ്ഞെടുപ്പ്ഫലം ചൂണ്ടിക്കാട്ടുന്നത്. ഇവിടെയെല്ലാം യു.ഡി.എഫിനാണ് വ്യക്തമായ മേൽക്കൈ. 52 പഞ്ചായത്തുകളിൽ യു.ഡി.എഫ് - 36, എൽ.ഡി.എഫ് - 12 എന്നിങ്ങനെയാണ് കക്ഷി നില. നാലിടത്ത് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
ആകെയുള്ള 834 വാർഡുകളിൽ യു.ഡി.എഫ് - 479, എൽ.ഡി.എഫ് - 267,എൻ.ഡി.എ - 27, മറ്റുളളവർ - 61 എന്നിങ്ങനെയാണ് സീറ്റുകൾ ലഭിച്ചിരിക്കുന്നത്. ആകെയുള്ള 112 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും യു.ഡി.എഫിനാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. യു.ഡി.എഫ് - 85,എൽ.ഡി.എഫ് - 24, മറ്റുള്ളവർ - 3 എന്നിങ്ങനെയാണ് കക്ഷിനില. 17 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ യു.ഡി.എഫ് - 14 , എൽ.ഡി.എഫ് - 3 എന്നിങ്ങനെയാണ് സീറ്റുകൾ. രണ്ട് നഗരസഭകളിലായി ആകെയുള്ള 73 സീറ്റുകളിൽ യു.ഡി.എഫ് - 39, എൽ.ഡി.എഫ് - 15, എൻ.ഡി.എ - 11, മറ്റുള്ളവർ -10 എന്നിങ്ങനെയാണ് സീറ്റുകൾ.
യു.ഡി.എഫിനൊപ്പം നിൽക്കുന്ന നിയമസഭ മണ്ഡലമാണ് തൊടുപുഴ. തൊടുപുഴ മുനിസിപ്പാലിറ്റിയും 12 പഞ്ചായത്തുകളും ചേരുന്നതാണ് തൊടുപുഴ നിയോജക മണ്ഡലം. നഗരസഭയിലും പത്ത് പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് മുൻതൂക്കം. ഉടുമ്പന്നൂർ, കരിമണ്ണൂർ,വണ്ണപ്പുറം, കോടിക്കുളം, കുമാരമംഗലം, ആലക്കോട്, വെള്ളിയാമറ്റം, പുറപ്പുഴ, കരിങ്കുന്നം,ഇടവെട്ടി പഞ്ചായത്തുകളിൽ യു.ഡി.എഫിനൊപ്പമാണ്.
മുട്ടം പഞ്ചായത്തിൽ മാത്രമാണ് ഇടതിന് നേട്ടമുണ്ടാക്കാനായത്. മണക്കാട് പഞ്ചായത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇടതുമുന്നണി ഭരിച്ചിരുന്ന കരിമണ്ണൂർ, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി. മുട്ടം പഞ്ചായത്ത് ഭരണം യു.ഡി.എഫിനും കൈ മോശം വന്നു. യു.ഡി.എഫ് ഭരിച്ചിരുന്ന മണക്കാടും ഇത്തവണ മുന്നണിക്ക് കിട്ടിയില്ല. പി.ജെ ജോസഫ് ഐക്യ ജനാധിപത്യമുന്നണിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നതിനാൽ നിയമസഭ തെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
മന്ത്രി റോഷി അഗസ്റ്റിന്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. കട്ടപ്പന മുനിസിപ്പാലിറ്റിയും ഒമ്പത് പഞ്ചായത്തുകളും ചേരുന്നതാണ് ഇടുക്കി നിയമസഭ. നഗരസഭയിലും മുഴുവൻ പഞ്ചായത്തിലും യു.ഡി.എഫിനാണ് മുൻതൂക്കം. കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, അറക്കുളം, കുടയത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫ് തൂത്തുവാരി. റോഷിയുടെ തട്ടകമായ വാഴത്തോപ്പിൽ പോലും എൽ. ഡി.എഫ് വിജയിച്ചില്ല. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ ഒൻപതായിരുന്ന സീറ്റുകൾ 13 ആയി ഉയർത്താനായെന്നതാണ് ഏക ആശ്വാസം.
മുതിർന്ന സി.പി.എം നേതാവും സിറ്റിങ് എം.എൽഎയുമായ എം.എം. മണിയുടെ മണ്ഡലത്തിലും എൽ.ഡി.എഫിന് നേട്ടം കൊയ്യാനായില്ല. ആകെയുള്ള പത്ത് പഞ്ചായത്തിൽ അഞ്ചിലും യു.ഡി.എഫിനാണ് മുൻതൂക്കം. നാലെണ്ണം എൽ.ഡി.എഫ് നിലനിർത്തി. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല. കരുണാപുരം,ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല എന്നിവയാണ് ഇടതിനൊപ്പം നിന്നത്. ഇരട്ടയാർ, നെടുംങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, വണ്ടൻമേട് എന്നിവയാണ് യു.ഡി എഫിന്. രാജകുമാരിയിൽ ആർക്കും ഭൂരിപക്ഷമില്ല. പല പഞ്ചായത്തുകളും ഇടതുമുന്നണിയിൽ നിന്നും യു.ഡി.എഫ് തിരിച്ചു പിടിച്ചതാണ്.
ജില്ലയിൽ ഇടതുമുന്നണിക്ക് അൽപമെങ്കിലും ആശ്വാസകരമായ മുന്നേറ്റം നൽകിയ മണ്ഡലമാണിത്. ആകെയുള്ള 12 സീറ്റിൽ ആറെണ്ണം എൽ.ഡി.എഫിനാണ്. അഞ്ചെണ്ണം യു.ഡി.എഫിനും. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട , ബൈസൺവാലി,ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകളാണ് ഇടതിനെ തുണച്ചത്. അടിമാലി, മാങ്കുളം, മറയൂർ, മൂന്നാർ, വെള്ളത്തൂവൽ എന്നിവയാണ് യു.ഡി എഫിന്. പള്ളിവാസൽ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഇടതിന് പ്രതീക്ഷ നൽകുന്ന ഏക മണ്ഡലം ദേവികുളം മാത്രമാണ്. എങ്കിലും ശക്തമായ ഒരു മത്സരം യു.ഡി.എഫ് കാഴ്ചവെച്ചാൽ വിജയം അത്ര എളുപ്പമല്ലെന്ന് ഫലസൂചനകൾ വ്യക്തമാക്കുന്നു.
പീരുമേട് മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ മുന്നേറ്റമാണ്. ആകെയുള്ള ഒൻപത് സീറ്റിൽ ഏഴും കരസ്ഥമാക്കി. ഒരിടത്ത് മാത്രമാണ് ഇടതുമുന്നേറ്റം. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, അയ്യപ്പൻ കോവിൽ, ചക്കുപള്ളം പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പമാണ്. വണ്ടിപ്പെരിയാർ മാത്രമാണ് ഇടതിനൊപ്പം നിന്നത്. ഉപ്പുതറയിൽ ആർക്കും ഭൂരിപക്ഷമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.