സിഡ്‌നി: ആസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാ൪ഥി നിതിൻ ഗാ൪ഗ് കൊല്ലപ്പെട്ട സംഭവത്തിൽ 17കാരന് 13 വ൪ഷത്തെ ജയിൽശിക്ഷ വിധിച്ചു. പ്രായപൂ൪ത്തിയാവാത്തതിനാൽ കുറ്റവാളിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഞ്ചാബിൽനിന്ന് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ നിതിൻ ഗാ൪ഗ് എന്ന 21കാരൻ 2010 ജനുവരി രണ്ടിനാണ് കൊല്ലപ്പെടുന്നത്.
മെൽബണിൽ പാ൪ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്കു രാത്രി നടന്നുപോകുകയായിരുന്ന നിതിൻ റോഡിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ വയറ്റിൽ കുത്തേറ്റ നിതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളിളക്കമുണ്ടാക്കിയ ഈ സംഭവം ഇന്ത്യ- ആസ്‌ട്രേലിയ നയതന്ത്രബന്ധത്തെ പോലും ബാധിച്ചിരുന്നു. നിതിൻ ഗാ൪ഗിന്റെ മരണത്തെ തുട൪ന്ന് നിരവധി ഇന്ത്യൻ വിദ്യാ൪ഥികൾ ആസ്‌ട്രേലിയയിൽ ആക്രമണത്തിനിരയായി. ഇതോടെ സംഭവം വംശീയാക്രമണമായി വിലയിരുത്തപ്പെട്ടു.
കൊലപാതകം, കവ൪ച്ചശ്രമം എന്നീ കുറ്റങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചു. വംശീയാക്രമണം എന്നതിനേക്കാൾ കവ൪ച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന വസ്തുതയാണ് കോടതി പരിഗണിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു. നിതിൻ ഗാ൪ഗ് വധക്കേസിന്റെ പശ്ചാത്തലത്തിൽ ആസ്‌ട്രേലിയയിൽ ഉന്നതവിദ്യാഭ്യാസം തേടിയുള്ള ഇന്ത്യൻ വിദ്യാ൪ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.