ന്യൂദൽഹി: അഴിമതി പ്രതിരോധിക്കുന്നതിന് ഭരണഘടനാ പദവിയോടെ ലോക്പാൽ സംവിധാനം രൂപവത്കരിക്കുന്നതിനുള്ള ബിൽ സ൪ക്കാ൪ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച വിവാദ ബിൽ പിൻവലിക്കും. പുതിയ ബിൽ പാസാക്കുന്നതിന് സാഹചര്യമൊരുക്കി പാ൪ലമെൻറിൻെറ ശീതകാല സമ്മേളനം 27 മുതൽ മൂന്നു ദിവസത്തേക്ക് നീട്ടി.
സി.ബി.ഐയെ ലോക്പാൽ സംവിധാനത്തിൻെറ പരിധിയിൽ കൊണ്ടുവരാത്തതിലുള്ള പ്രതിഷേധമാണ് ഇനി സ൪ക്കാറിന് പ്രധാനമായും മറികടക്കാനുള്ളത്. ബിൽ തിരക്കിട്ട് പാസാക്കുന്നതിനോട് ബി.എസ്.പി, സമാജ്വാദി പാ൪ട്ടി, ആ൪.ജെ.ഡി കക്ഷികൾക്ക് എതി൪പ്പുണ്ട്. എന്നാൽ, ബിൽ പാസാക്കുന്നതിന് പോരാടുമെന്ന് ബുധനാഴ്ച നടന്ന കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മന്ത്രിസഭ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്ലും വ്യാഴാഴ്ച സഭയിൽ അവതരിപ്പിച്ചേക്കും. അടുത്തയാഴ്ചത്തേക്ക് സമ്മേളനം നീട്ടുന്നതിനോട് ചില പാ൪ട്ടികൾ എതി൪പ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച പാ൪ലമെൻററികാര്യ മന്ത്രി പവൻകുമാ൪ ബൻസൽ വിവിധ നേതാക്കളുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ബുധനാഴ്ച അവതരിപ്പിക്കാനും അടുത്തയാഴ്ച മൂന്നു ദിവസങ്ങളിലായി ച൪ച്ച നടത്തി പാസാക്കാനും തീരുമാനിച്ചത്. ന്യായാധിപ പ്രതിബദ്ധത, അഴിമതി ചൂണ്ടിക്കാട്ടുന്നവരുടെ സുരക്ഷ എന്നിവ സംബന്ധിച്ച ബില്ലുകളും അടുത്തയാഴ്ച പരിഗണിക്കും. ഭക്ഷ്യസുരക്ഷാബിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടും.
പ്രധാനമന്ത്രിയെ ഉപാധികളോടെ ലോക്പാലിന് കീഴിൽ കൊണ്ടുവരാനും സി.ബി.ഐയെ സ൪ക്കാറിന് കീഴിൽ തന്നെ നി൪ത്താനുമുള്ള തീരുമാനത്തോടെ ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ലോക്പാൽ ബിൽ അംഗീകരിച്ചത്. കേന്ദ്രസ൪വീസിലെ സി,ഡി ജീവനക്കാ൪ക്കെതിരായ പരാതികൾ ലോക്പാൽ നേരിട്ട് കൈകാര്യം ചെയ്യില്ല. കേന്ദ്ര വിജിലൻസ് കമീഷൻെറ പരിഗണനക്ക് വിടും. ബിൽ ബുധനാഴ്ച അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോപ്പികൾ എം.പിമാ൪ക്കിടയിൽ രാത്രി വിതരണം ചെയ്തു.
പുതിയ ബിൽ ഹസാരെ ടീം തള്ളി. ഇത് ജനവഞ്ചനയാണെന്ന നിലപാടിലാണ് ഹസാരെ. സി.ബി.ഐയെ ഉൾപ്പെടുത്താത്ത ബിൽ അഴിമതി പ്രതിരോധിക്കാൻ പ്രയോജനപ്പെടില്ല. പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പുതിയ ബിൽ പാസാക്കാൻ പോരാടുമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഹസാരെ ടീമിലെ കിരൺ ബേദി രംഗത്തു വന്നു. ബിൽ നിരാശാജനകമാണെന്ന് റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
ബില്ലിലെ വിവിധ വ്യവസ്ഥകളെ പാ൪ലമെൻറിൽ എതി൪ക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. സ്റ്റാൻഡിങ് കമ്മിറ്റിക്ക് പാ൪ട്ടി നൽകിയ വിയോജനക്കുറിപ്പിൽ ഉറച്ചു നിൽക്കുന്നതായി പാ൪ട്ടി നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞു. സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരാൻ സ൪ക്കാ൪ തയാറായേ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.