ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി

ബംഗളൂരു: മുല്ലപ്പെരിയാ൪ വിഷയത്തിൽ വിവാദങ്ങൾ കത്തിനിൽക്കെ ഉമ്മൻചാണ്ടി തമിഴ്നാട് ധനമന്ത്രി ഒ. പനീ൪ശെൽവവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഡാം നി൪മിച്ചാൽ തമിഴ്നാടിന് ഇപ്പോൾ നൽകുന്ന വെള്ളം തുട൪ന്നും നൽകാൻ നിയമനി൪മാണം നടത്താൻ കേരളം തയാറാണെന്ന് ശെൽവത്തെ മുഖ്യമന്ത്രി അറിയിച്ചു. ബംഗളൂരുവിൽ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. മുല്ലപ്പെരിയാ൪ വിഷയത്തിൽ നിലനിൽക്കുന്ന വിവാദത്തിനിടെ ഉന്നതതലത്തിൽ നടന്ന ആദ്യകൂടിക്കാഴ്ചയാണിത്. നിയമനി൪മാണം നടത്തി വെള്ളംനൽകുന്നതിലുള്ള ഉറപ്പ് സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാ൪ സംബന്ധിച്ച കേരളത്തിൻെറ ആശങ്ക തമിഴ്നാട് ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് സംസ്ഥാനത്തിൻെറ ആവശ്യം. അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാടിൻെറ ആശങ്ക കേരളത്തിന് അറിയാം. തമിഴ്നാടിന് വെള്ളമെന്നത് കേരളത്തിൻെറ കൂടി ആവശ്യമാണ്. പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അയൽസംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് എത്തുന്നത് എന്നതിനാൽ ഇപ്പോൾ നൽകുന്ന അതേ അളവിൽ വെള്ളം നൽകാൻ കേരളം തയാറാണ്. പക്ഷേ, കേരളത്തിൻെറ ആശങ്കകൂടി തമിഴ്നാട് മനസ്സിലാക്കണം. ഡാമിന് താഴെയുള്ള നിരവധി പേരാണ് പരിഭ്രാന്തിയിൽ കഴിയുന്നത്. പുതിയ അണക്കെട്ട് തമിഴ്നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് നി൪മിക്കാം. വെള്ളം നൽകുന്നതിന് തമിഴ്നാട് എന്ത് നിബന്ധനവെച്ചാലും അത് അംഗീകരിക്കാൻ തയാറാണ്. എന്തെങ്കിലും ത൪ക്കമുണ്ടാവുകയാണെങ്കിൽ അന്തിമതീരുമാനം സുപ്രീംകോടതിക്ക് വിടാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.