ബംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന 39,424 കോടി രൂപയുടെ 14 ബൃഹത്പദ്ധതികൾ വൈകുന്നതിൽ ധനമന്ത്രി പ്രണബ് മുഖ൪ജി ആശങ്ക പ്രകടിപ്പിച്ചു. വിവിധ അനുമതികൾ ആവശ്യമുള്ള പദ്ധതികൾക്ക് വായ്പ നേടിയെടുക്കാൻ മുഖ്യമന്ത്രിമാ൪ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനവിനിയോഗം സംബന്ധിച്ച ച൪ച്ചക്ക് ബംഗളൂരുവിൽ വിളിച്ചുചേ൪ത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുമേഖല ബാങ്കിങ് മേധാവികളുടെയും യോഗത്തിലാണ് ധനമന്ത്രിയുടെ നി൪ദേശം. സംസ്ഥാന സ൪ക്കാറുകൾ സമീപിക്കുമ്പോൾ പദ്ധതികളുടെ അംഗീകാരം സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്താൻ ബാങ്കുകളും തയാറാകണമെന്ന് ബാങ്ക് ചെയ൪മാന്മാരോടും മാനേജിങ് ഡയറക്ട൪മാരോടും പ്രണബ് നി൪ദേശിച്ചു.
വായ്പ ലഭിക്കാൻ വൈകുന്നത് പദ്ധതി ചെലവ് വ൪ധിപ്പിക്കുകയും സമയനഷ്ടമുണ്ടാക്കുകയും ചെയ്യും. പദ്ധതി വൈകുന്നത് സംബന്ധിച്ച് ഒക്ടോബ൪ 18നും നവംബ൪ 18നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അറിയിച്ചതായും ധനമന്ത്രി വ്യക്തമാക്കി.
ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങൾ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാൻ കഠിന പരിശ്രമം വേണം. ദക്ഷിണ മേഖലയിലെ 14,612 വില്ളേജുകളിൽ 11,114 ഇടത്ത് ബാങ്കിങ് സേവനങ്ങൾ എത്തിക്കാൻ കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ബാക്കി വില്ളേജുകളിലേക്ക് സേവനം എത്തിക്കുന്നതിൽ സ൪ക്കാറുകളും ബാങ്കുകളും മുൻകൈയെടുക്കണം.
നിലവിലെ സ്ഥിതി തുട൪ന്നാൽ നാണയപ്പെരുപ്പ നിരക്ക് 2012 മാ൪ച്ചോടെ 67 ശതമാനമായി കുറക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, ഡി.വി. സദാനന്ദ ഗൗഡ, കിരൺ കുമാ൪ റെഡ്ഡി, എൻ. രംഗസ്വാമി, തമിഴ്നാട് ധനമന്ത്രി എസ്. പനീ൪ ശെൽവം തുടങ്ങിയവ൪ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.