തിരുവനന്തപുരം: ഐ ലീഗിൽ പരാജയം അറിയാതെ വന്ന പ്രയാഗ് യുനൈറ്റഡിനെ ചിരാഗ് അട്ടിമറിച്ചു (2-1). നൈജീരിയൻ താരം ഡേവിഡ് സൺഡേയാണ് ചിരാഗിൻെറ രണ്ട് ഗോളുകളും നേടിയത്. തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന ചിരാഗ് ഈ ജയത്തോടെ എട്ട് പോയൻറുമായി 11ാംസ്ഥാനത്തേക്ക് കയറി.
ഐ ലീഗിൽ പരാജയം എന്തെന്നറിയാതെ എത്തിയ പ്രയാഗിനെ വരിഞ്ഞുകെട്ടിയ പ്രകടനമായിരുന്നു ചിരാഗ് പുറത്തെടുത്തത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നാല് ജയവും അഞ്ച് സമനിലയുമായി 17 പോയൻേറാടെ അഞ്ചാംസ്ഥാനത്തുള്ള പ്രയാഗ് അനായാസ ജയമാണ് പ്രതീക്ഷിച്ചത്. എന്നാൽ കളി ആരംഭിച്ചതുമുതൽ ചിരാഗിൻെറ ആക്രമണമാണ് കണ്ടത്. അഞ്ചാം മിനിറ്റിൽതന്നെ ചിരാഗ് ഗോൾ നേടിയെന്നുറപ്പിച്ചെങ്കിലും ആസിഫിൻെറ ഉഗ്രൻ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഒമ്പതാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് സി.കെ. വിനീത് നൽകിയ ക്രോസിൽ നിന്ന് ഉസ്മാൻ ആഷിക് ഉതി൪ത്ത ഷോട്ട് പ്രയാഗ് ഗോൾകീപ്പ൪ അഭിജിത്ത് മൊണ്ടൽ രക്ഷപ്പെടുത്തി. അടുത്ത മിനിറ്റിൽ ഉസ്മാൻെറ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. 20ാം മിനിറ്റിലും ചിരാഗിൻെറ മികച്ച മുന്നേറ്റമുണ്ടായി. മധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറി ക്യാപ്റ്റൻ കെ. അജയൻ ഉതി൪ത്ത ഷോട്ട് ഗോൾകീപ്പ൪ കുത്തിയകറ്റി. 33ാം മിനിറ്റിൽ ചിരാഗിൻെറ മുൻനിര താരങ്ങൾ കൂട്ടത്തോടെ നടത്തിയ മുന്നേറ്റവും വിജയം കണ്ടില്ല.
ഒന്നാംപകുതിയുടെ അവസാന മിനിറ്റിൽ ചിരാഗ് ലീഡ് നേടി. ചിരാഗ് ഗോൾകീപ്പ൪ ശരത്ത് എടുത്ത ഗോൾകിക്ക് ഹെഡ്ചെയ്ത ്അകറ്റാനുള്ള അ൪ണാബ് കെ.ആ൪ മൊണ്ടലിൻെറ ശ്രമത്തിനിടെ വഴുതിവീണ പന്ത് മുന്നോട്ട് ഓടിക്കയറിയ പ്രയാഗിൻെറ ഗോൾകീപ്പറിൻെറ തലക്ക് മുകളിലൂടെ ഡേവിഡ് സൺഡേ തട്ടി വലയിലിട്ടു (1-0).
രണ്ടാംപകുതിയിൽ ഗോൾ മടക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങിയ പ്രയാഗ് ഫലം കണ്ടു. 49ാംമിനിറ്റിൽ സുഖൻ ഡേ എടുത്ത ത്രോയിൽ നിന്ന് നൈജീരിയൻ താരം യൂസഫ് യാക്കൂബ് പ്രയാഗിൻെറ ഗോൾ നേടി. പെനാൽറ്റി ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയിൽ ചിരാഗിൻെറ പ്രതിരോധനിരയിലുണ്ടായ പിഴവിൽ നിന്നായിരുന്നു സമനിലഗോൾ (1-1). ലീഡ് നേടുക, പിന്നീട് പരാജയം സമ്മതിക്കുക എന്ന പതിവ് ശൈലിയിലേക്ക് ചിരാഗ് നീങ്ങുന്നതായുള്ള സംശയമായിരുന്നു പിന്നീട്. പ്രയാഗ് ഗോളിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചതോടെ കളി പരുക്കനായി. ഇരുടീമുകളിലേയും അഞ്ച്കളിക്കാ൪ മഞ്ഞകാ൪ഡ്കണ്ടു. 69ാം മിനിറ്റിൽ ചിരാഗ് വിജയഗോൾ നേടി. ആദ്യഗോളിൻെറ ആവ൪ത്തനമായിരുന്നു അത്. അ൪ണാബ് മൊണ്ടലിൻെറ പന്ത് ക്ളിയ൪ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഓടിയെത്തിയ സൺഡേ ഗോൾകീപ്പറെ പരാജയപ്പെടുത്തി ഒരിക്കൽകൂടി പന്ത് വലയിലെത്തിച്ച് ചിരാഗിന് അട്ടിമറി ജയം സമ്മാനിച്ചു (2-1). തങ്ങൾ ശിക്ഷിക്കപ്പെട്ടുവെന്നും ആത്മഹത്യയാണുണ്ടായതെന്നും പ്രയാഗ് പരിശീലകൻ സഞ്ജയ് സെൻ പിന്നീട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്തെ കാണികൾക്ക് മുന്നിൽ ഒരുജയമെങ്കിലും നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചിരാഗ്പരിശീലകൻ പക്കീ൪അലി പറഞ്ഞു. കൊച്ചിയിലെ ശേഷിക്കുന്ന ഹോംഗ്രൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.