തുളുനാടന്‍ പോരിന് വെടിമുഴങ്ങി

മൂഡബിദ്രി: വേഗവും ഉയരവും കാൽക്കീഴിൽ ഒതുക്കാനുള്ള കലാലയ യുവതയുടെ കുതിപ്പിന് മൂഡബിദ്രി ആൾവാസ് കോളജിലെ സ്വരാജ് മൈതാനിയിൽ വെടിമുഴങ്ങി. അന്ത൪സ൪വകലാശാല അത്ലറ്റിക് മീറ്റിലെ ഫൈനലുകളില്ലാത്ത ആദ്യദിനം മലയാളി താരങ്ങളുടെ മുന്നേറ്റംകൊണ്ട് ശ്രദ്ധേയമായി.
വേഗതയേറിയ ഓട്ടക്കാരനെ കണ്ടെത്തുന്ന 100 മീറ്ററിൽ എം.ജി സ൪വകലാശാലയുടെ സുജിത്കുട്ടൻ, കേരള സ൪വകലാശാലയിലെ നിധീഷ് ആൻറണി എന്നിവ൪ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള സ൪വകലാശാലയിലെതന്നെ  സിനി അലക്സും കണ്ണൂ൪ സ൪വകലാശാലയിലെ ഷിംന ബേബിയും എം.ജി സ൪വകലാശാലയിലെ റിൻറ മാത്യുവും സെമിഫൈനലിൽ കടന്നു. 5000 മീറ്ററിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിൻെറ വി.പി. ശോഭ, എം.ജിയുടെ എം.വി. ഗീതു എന്നിവരും പുരുഷവിഭാഗത്തിൽ കേരളയുടെ സി.പി. ഷിജുവും ഫൈനലിൽ ഇടം കണ്ടെത്തി.
പുരുഷവിഭാഗം ഹൈജമ്പിൽ കോഴിക്കോടിൻെറ ടി.എം. അഖിൽ, എം.ജിയുടെ ജിത്തു ജോണി എന്നിവ൪ ഫൈനലിലേക്ക് യോഗ്യത നേടി.
ട്രിപ്പ്ൾ ജമ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിൻെറ നീതു മാത്യു, എം.ജിയുടെ ശിൽപ ചാക്കോ, എൻ.വി. ഷീന എന്നിവരും ഫൈനലിലേക്ക് കടന്ന മലയാളി പ്രതിഭകളാണ്. 800 മീറ്റ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ എം.ജിയുടെ ജോ൪ജ് ജോൺ, വനിതാ വിഭാഗത്തിൽ എം.ജി.യുടെ ജോമി ജോസ്, പി.വി. സോണിയ എന്നിവരും കണ്ണൂ൪ സ൪വകലാശാലയുടെ അനു മറിയം ജോസും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.
400 മീറ്റ൪ പുരുഷവിഭാഗത്തിൽ എം.ജി സ൪വകലാശാലയുടെ ബാസ്റ്റിൻ ജോസഫ് ഫൈനലിൽ കടന്നു. 400 മീറ്റ൪ ഹ൪ഡിൽസ് പുരുഷവിഭാഗത്തിൽ കോഴിക്കോട് സ൪വകലാശാല താരങ്ങളായ  എം.ആ൪. പ്രദീപ്, ജയ്സൽ എന്നിവരും വനിതാ വിഭാഗത്തിൽ കോഴിക്കോട് സ൪വകലാശാലയിലെ എം.എസ്. ദ൪ശന, ആ൪. അനു, എം.ജി സ൪വകലാശാലയിലെ നോയൽ സുരേന്ദ്രൻ, വി. പ്രഭിത എന്നിവരും സെമിഫൈനലിൽ കടന്നു.
രണ്ടാം ദിനമായ ഞായറാഴ്ച 13 ഇനങ്ങളിൽ ഫൈനൽ മത്സരം നടക്കും. പുരുഷവിഭാഗത്തിൽ 20 കിലോമീറ്റ൪ നടത്തം, 5000 മീറ്റ൪ ഓട്ടം, ഹൈജമ്പ്, 400 മീറ്റ൪ ഹ൪ഡിൽസ്, ഷോട്ട്പുട്ട്, 100 മീറ്റ൪, 800 മീറ്റ൪ എന്നിവയിലും വനിതാ വിഭാഗത്തിൽ 5000 മീറ്റ൪, ട്രിപ്പ്ൾ ജമ്പ്, ഡിസ്കസ്ത്രോ, 400 മീ. ഹ൪ഡിൽസ്, 100 മീ., 800 മീ. എന്നീ ഇനങ്ങളിലുമാണ് ഫൈനൽ അരങ്ങേറുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.