യുവതയുടെ മേളക്ക് വര്‍ണാഭ തുടക്കം

മൂഡബിദ്രി: സംഘാടന മികവിൻെറ അത്യുന്നതിയിൽ മൂഡബിദ്രിയിലെ മലമുകളിൽ 72ാമത് അഖിലേന്ത്യാ അന്ത൪ സ൪വകലാശാല അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വ൪ണാഭ തുടക്കം. ബംഗളൂരു രാജീവ്ഗാന്ധി ആരോഗ്യ സ൪വകലാശാലയും മൂഡബിദ്രി ആൾവാസ് എജുക്കേഷൻ ഫൗണ്ടേഷനും സംയുക്തമായി മൂഡബിദ്രി സ്വരാജ്യ മൈതാനിയിൽ അഞ്ചു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന കായിക യുവതയുടെ മാമാങ്കത്തിന് ശനിയാഴ്ച വൈകുന്നേരമാണ് കൊടിയുയ൪ന്നത്. ഇന്ത്യൻ സ൪വകലാശാല അസോസിയേഷൻ പതാക മംഗലാപുരം എം.പി നളിൻകുമാ൪ കട്ടീലും രാജീവ്ഗാന്ധി ആരോഗ്യ സ൪വകലാശാലയുടെ പതാക വൈസ് ചാൻസല൪ ഡോ. കെ.എസ്. ശ്രീപ്രകാശും ആൾവാസ് എജുക്കേഷൻ ഫൗണ്ടേഷൻ പതാക ചെയ൪മാൻ ഡോ. മോഹൻ ആൾവയും ഉയ൪ത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുട൪ന്ന് നടന്ന വ൪ണശബളമായ മാ൪ച്ച്പാസ്റ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് സ൪വകലാശാലയുടെ ചുണക്കുട്ടികൾ ആദ്യം അണിനിരന്നു. കെ.ഡി. സിന്ധുവിൻെറ നേതൃത്വത്തിൽ അണിനിരന്ന കോഴിക്കോടിന് പിന്നാലെ സ്റ്റനി മൈക്കിളിൻെറ നേതൃത്വത്തിൽ കണ്ണൂ൪ സ൪വകലാശാലയും ബിനുബേബിയുടെ നേതൃത്വത്തിൽ കേരള സ൪വകലാശാലയും വിപിൻ ഫ്രാൻസിസിൻെറ നേതൃത്വത്തിൽ എം.ജി സ൪വകലാശാലയും കേരളമഹിമ വിളിച്ചോതി അണിനിരന്നു. 23 സംസ്ഥാനങ്ങളിലെ 151 സ൪വകലാശാലകിൽ നിന്നുള്ള  താരങ്ങളാണ്   പ്രതിനിധാനം ചെയ്താണ് താരങ്ങൾ മാ൪ച്ച്പാസ്റ്റിൽ പങ്കെടുത്തത്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാരമ്പര്യ കലാരൂപങ്ങൾ ഘോഷയാത്രക്ക് മിഴിവേകി. യക്ഷഗാനം, കോല, കുമ്മാട്ടി, ബൈലാട്ടം, പുലിവേഷം, കങ്കീലു, ചെണ്ടമേളം, വീരഗാസ, കൊറഗ ഡോലു തുടങ്ങിയവ ഘോഷയാത്രയെ നിറപ്പകിട്ടാ൪ന്നതാക്കി.
 സമൂഹത്തിനുതകേണ്ട യുവതയുടെ വള൪ച്ചയിൽ വിദ്യാഭ്യാസത്തോടൊപ്പം കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര വിഷയങ്ങൾ അവിഭാജ്യമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ സ൪വകലാശാല വൈസ് ചാൻസല൪ ഡോ. കെ.എസ്. ശ്രീപ്രകാശ് പറഞ്ഞു. മുൻ വൈസ് ചാൻസല൪ ഡോ. രാമാനന്ദ ഷെട്ടി അധ്യക്ഷത വഹിച്ചു. രജിസ്ട്രാ൪ ഡോ. ഡി. പ്രേംകുമാ൪ സ്വാഗതവും ആൾവാസ് ആയു൪വേദ കോളജ് പ്രിൻസിപ്പൽ ഡോ. വിനയ്ചന്ദ്ര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.