ഹാംബ൪ഗ് (ജ൪മനി): കളത്തിൽനിന്ന് സമീപകാലത്ത് വിടവാങ്ങിയവരും കളിയിൽ തുടരുന്നവരുമായ വിഖ്യാത പ്രതിഭകൾ തോളോടുതോൾ ചേ൪ന്ന് പന്തുതട്ടിയ സന്ധ്യയിൽ ഇംടെക് അറീന താരപ്രഭയിൽ മുങ്ങി. ‘ദാരിദ്ര്യത്തിനെതിരായ മത്സര’ത്തിൽ സിനദിൻ സിദാൻ, റൊണാൾഡോ, ലൂയി ഫിഗോ, ഫാബിയോ കന്നവാരോ, ദിദിയ൪ ദ്രോഗ്ബ തുടങ്ങിയ മിന്നുംതാരങ്ങൾ ഒരുവശത്തും ഹാംബ൪ഗ് ഓൾസ്റ്റാ൪ ടീം മറുവശത്തുമായി അണിനിരന്നപ്പോൾ ആവേശത്തിന് അളവൊട്ടും കുറവില്ലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതികളുടെ ഭാഗമായി ആഫ്രിക്കയിലെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ചാരിറ്റി മത്സരമാണ് ഹാംബ൪ഗിൽ ആവേശം പട൪ത്തിയത്. 2003 മുതൽ നടത്തുന്ന ‘ദാരിദ്ര്യത്തിനെതിരായ മത്സര’ പരമ്പരയിൽ സിദാൻ ആൻഡ് റൊണാൾഡോ ഇലവൻ ഒമ്പതാം മത്സരത്തിനാണ് ഹാംബ൪ഗിൽ കുപ്പായമിട്ടത്.
മത്സരത്തിൽ സിദാനും റൊണാൾഡോയുമടങ്ങിയ ഇലവൻ 5-4ന് ഹാംബ൪ഗ് ഇലവനെ കീഴടക്കി. മികവുറ്റ നീക്കങ്ങളുമായി ഇന്നലെയുടെ താരങ്ങൾ കൈയടി നേടിയ പ്രദ൪ശനമത്സരം വീറുറ്റതായിരുന്നു. കളിമുറ്റങ്ങളേറെ ഭരിച്ച പൊൻകാലുകളിൽ പഴയ നക്ഷത്രത്തിളക്കം ഇപ്പോഴും ബാക്കിനിൽക്കുന്നുവെന്ന് തെളിയിച്ചാണ് സിദാനും ഫിഗോയും റൊണാൾഡോയും എഡ്ഗാ൪ ഡേവിഡ്സുമൊക്കെ കളംനിറഞ്ഞത്. പന്തടക്കവും ഫിറ്റ്നസുമൊക്കെ കരിയ൪ കാലത്തെന്നപോലെ കാഴ്ചവെച്ച സിദാനും ഫിഗോയും വേണമെങ്കിൽ ഇപ്പോഴും മത്സരഫുട്ബാളിൽ പോരടിക്കാൻ തയാറെന്ന് വിളംബരം ചെയ്യുന്ന രീതിയിലാണ് പന്തുതട്ടിയത്.
ഫാബിയൻ ബാ൪ത്തേസ്, മൈക്കൽ സൽഗാഡോ, ജോവാൻ കാപ്ഡെവിയ, ഫാബിയോ കന്നവാരോ, ജോ൪ജ് പൊപെസ്ക്യു, ക്ളോഡ് മകലെലെ, എഡ്ഗാ൪ ഡേവിഡ്സ്, ഫിഗോ, റൊണാൾഡോ, സിദാൻ, ദ്രോഗ്ബ എന്നിവരാണ് റൊണാൾഡോ-സിദാൻ ഫ്രണ്ട്സിൻെറ സ്റ്റാ൪ട്ടിങ് ഇലവനിൽ ഇറങ്ങിയത്. പകരക്കാരായി യെൻസ് ലേമാൻ, ലൂകാസ് റഡേബെ, റോബ൪ട്ട് പിറെസ്, ജോ൪ജ് ഹാഗി എന്നിവരും മൈതാനത്തിറങ്ങി.
മത്സരത്തിൽ 2-0ത്തിനു മുന്നിലെത്തിയ ഹാംബ൪ഗിനെതിരെ ദ്രോഗ്ബയുമൊത്ത് പന്ത് കൈമാറിയെത്തിയ റൊണാൾഡോയുടെ ഗോളിലാണ് ടീം 2-2ന് ഒപ്പമെത്തിയത്. അവസാനഘട്ടത്തിൽ എതി൪ ഡിഫൻഡറെ ഉജ്ജ്വലമായി ഡ്രിബ്ൾ ചെയ്തുകയറി ഫിഗോ നേടിയ വിജയഗോൾ മനോഹരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.