ചിരാഗ് പൊരുതിവീണു

തിരുവനന്തപുരം:  ചിരാഗ് പതിവ് തെറ്റിച്ചില്ല. ഐ ലീഗിലെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ ച൪ച്ചിൽ ബ്രദേഴ്സിനോട് അവ൪ പൊരുതിവീണു. ആദ്യം ഗോൾ നേടി ആധിപത്യം സ്ഥാപിച്ചിട്ടും സ്വന്തം തട്ടകത്തിൽ ആദ്യജയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ചിരാഗിനായില്ല. ഈ തോൽവിയോടെ ഐ ലീഗിൽ അവസാന രണ്ട് സ്ഥാനത്തേക്ക് വീണ് പുറത്താകൽ ഭീഷണിയുടെ നിഴലിലായി ചിരാഗ്.
ആദ്യന്തം വാശിയേറിയ മൽസരത്തിൽ ച൪ച്ചിലിനെ വരിഞ്ഞുകെട്ടിയ പ്രകടനമായിരുന്നു ചിരാഗിൻേറത്. ഭാഗ്യം തുണച്ചിരുന്നുവെങ്കിൽ ചിരാഗിന് അട്ടിമറി ജയവും സാധ്യമായിരുന്നു. ചിരാഗ് നേടിയ രണ്ട് ഗോളുകൾ റഫറി ഓഫ്സൈഡ് വിധിച്ചു.
നാലാം മിനിറ്റിൽ കോ൪ണറിൽ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച കെ. ആസിഫ് നൽകിയ ക്രോസ് ചിരാഗിൻെറ നൈജീരിയൻ താരം ഡേവിഡ് സൺഡേ വലയിലെത്തിച്ചെങ്കിലും റഫറി രവിചന്ദ്രസിങ് ഓഫ്സൈഡ് വിധിക്കുകയായിരുന്നു. 14ാം മിനിറ്റിൽ മറ്റൊരു സുവ൪ണാവസരം ചിരാഗ് പാഴാക്കി. സി.കെ. വിനീതിൻെറ ക്രോസ് സ്വീകരിച്ച് ആസിഫ് ഉതി൪ത്ത ഷോട്ട് പുറത്തേക്ക് പോയി. 26ാം മിനിറ്റിൽ ചിരാഗ് ഗോൾ നേടി. അനിൽകുമാറിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നുഗോൾ. ആസിഫ് എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ വലയിൽ എത്തിച്ച് പി.കെ. അനിൽകുമാ൪ ആതിഥേയ൪ക്ക് ലീഡ് നേടിക്കൊടുത്തു(0-1). മിനിറ്റുകൾക്കുള്ളിൽ വിനീതിൽ നിന്ന് ലഭിച്ച പന്ത് സൺഡേ  അനിൽകുമാ൪ വഴി ഷഹബാസ് സലീലിന് എത്തിച്ചുകൊടുത്തു. പിഴവ് കൂടാതെ ഷഹബാസ് പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി അതും ഓഫ്സൈഡ് വിധിച്ചു. ആദ്യപകുതിയുടെ അവസാനമിനിറ്റിലാണ് ച൪ച്ചിൽ സമനില നേടിയത്.
നൈജീരിയൻ താരമായ ഹെൻറി ആ൪നോൾഡ് ആഞ്ചിയോട്ട് നൽകിയ പാസ് സ്വീകരിച്ച  എൻഡി ഒപാറ ചിരാഗിൻെറ ഗോൾകീപ്പ൪ ശരതിനെയും കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുമ്പോൾ ചിരാഗിൻെറ പ്രതിരോധനിരയുടെ കാവൽക്കാരായ ഘാനതാരങ്ങളായ ചാൾസ് സെസക്കും ഐസക് ബൊക്കായക്കും കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ (1-1). രണ്ടാം പകുതിയുടെ ആദ്യം ച൪ച്ചിൽ ബ്രദേഴ്സിൻെറ മുന്നേറ്റങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ചിരാഗ് പ്രയാസപ്പെട്ടു. 63ാം മിനിറ്റിൽ ച൪ച്ചിലിൻെറ ഗോളെന്നുറപ്പിച്ച മുന്നേറ്റമുണ്ടായി. ലാൽറിൻഡിങ്കറാൾട്ടെ ഉതി൪ത്ത ഷോട്ട് ചിരാഗിൻെറ ക്രോസ്ബാറിൽ തട്ടി തിരികെ വന്നു. അടുത്തമിനിറ്റിൽ ച൪ച്ചിലിൻെറ ആസ്ട്രേലിയൻ താരം മാത്യു കൊവാച്ചികിൻെറ ഷോട്ട് ഗോൾകീപ്പ൪ ശരത് രക്ഷപ്പെടുത്തി.
74ാം മിനിറ്റിൽ ച൪ച്ചിൽ വിജയഗോൾ നേടി. സ്റ്റീഫൻ ഡയസ്എടുത്ത കോ൪ണറിൽ നിന്ന് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ മലയാളിതാരം മുഹമ്മദ്റാഫിയാണ് ഗോൾ നേടിയത്. (2-1).
ച൪ച്ചിലിൻെറ ലെന്നി റൂറിഗസാണ് കളിയിലെ കേമൻ. ഒമ്പത് മൽസരങ്ങളിൽ ഒരു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയൻറാണ് ചിരാഗിനുള്ളത്. 20 പോയൻറുമായി ച൪ച്ചിൽ ഡെംപോ ഗോവക്ക് പിറകിൽ രണ്ടാംസ്ഥാനത്താണ്. ഈമാസം 17 ന് പ്രയോഗ് യുനൈറ്റഡുമായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ചിരാഗിൻെറ അടുത്തമൽസരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.