കശ്മീര്‍ സംഘര്‍ഷം:  സുപ്രീംകോടതി  കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന കൊലപ്പെടുത്തിയശേഷം ജമ്മു-കശ്മീരിലുണ്ടായ സംഭവങ്ങളെപ്പറ്റി അടിസ്ഥാനവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകനും ജമ്മു-കശ്മീര്‍ നാഷനല്‍ പാന്തേഴ്സ് പാര്‍ട്ടി നേതാവുമായ ഭീംസിങ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍, സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ഹരജിക്കാരന്‍െറ ആവശ്യത്തിന്മേല്‍ നോട്ടീസ് അയക്കാന്‍ കോടതി തയാറായില്ല. കശ്മീര്‍ താഴ്വരയിലെ സ്ഥിതി വ്യത്യസ്തമാണ്. ദിവസംതോറും മണിക്കൂര്‍തോറും അവിടെ കാര്യങ്ങള്‍ മാറിമറിയുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഹരജിക്കാരനെ കോടതി ഓര്‍മിപ്പിച്ചു. 

പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ ആദ്യം കോടതി വിസമ്മതിക്കുകയായിരുന്നു. കശ്മീര്‍ രാഷ്ട്രീയ വിഷയമാണ്. നിയമപരമായി അവിടത്തെ കാര്യങ്ങള്‍ കൈകാര്യംചെയ്യാനാകില്ല. അനിയന്ത്രിതമായ പെല്ലറ്റ് ഗണ്‍ ഉപയോഗംമൂലം കുട്ടികളടക്കം നിരവധി പേര്‍ അന്ധരായെന്നും ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ മരുന്നോ മറ്റ് ചികിത്സാ സംവിധാനമോ ലഭ്യമല്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്തതും ഈ വിഷയത്തില്‍ വ്യക്തമായ പരാതിയുമുള്ള ഏതെങ്കിലും ഒരാളെ കോടതിയില്‍ ഹാജരാക്കാന്‍ ഹരജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. 
കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ കശ്മീരില്‍ പോയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ കോടതിയില്‍ വന്നിരിക്കുന്നത് എന്നും ഭീംസിങ്ങിന്‍െറ കശ്മീര്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിടണമെന്നുമായിരുന്നു ഭീംസിങ്ങിന്‍െറ ഹരജിയിലെ പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.