കെജ്രിവാള്‍ വധഭീഷണി മുഴക്കിയെന്ന്  പുറത്താക്കപ്പെട്ട ആപ് മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കൊന്നേക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ആരോപണത്തിനു പിന്നാലെ കെജ്രിവാളും പാര്‍ട്ടിയും തന്നെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി പുറത്താക്കപ്പെട്ട ആപ് മന്ത്രി. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ട മതിയാ മഹല്‍ എം.എല്‍.എ അസിം അഹ്മദ് ഖാനാണ് കടുത്ത ആരോപണം ഉന്നയിച്ചത്. 10 മാസത്തോളമായി താന്‍ നിരന്തരമായി ഭീഷണികള്‍ക്ക് വിധേയനാകുന്നുവെന്നും തന്‍െറ കുടുംബംപോലും അപകടനിഴലിലാണെന്നും അസിംഖാന്‍ വ്യക്തമാക്കി. ഫോണ്‍ മുഖേനയും നേരിട്ടും കെജ്രിവാളും പാര്‍ട്ടിക്കാരും ഭീഷണിപ്പെടുത്തിയതായും അവര്‍ ഗൂഢാലോചന നടത്തുമെന്ന് ഭയക്കുന്നതായും ഖാന്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസിലും ലഫ്. ഗവര്‍ണര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തന്‍െറ പക്കല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വ്യക്തമാക്കുന്ന വിഡിയോ-ഓഡിയോ തെളിവുകളുണ്ട്. അത് പുറത്തുവിടുന്നതോടെ കെജ്രിവാളിന്‍െറ തനിനിറം വെളിപ്പെടുമെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം തട്ടിപ്പാണെന്നും  ആപ്പിനെതിരെ ആക്ഷേപങ്ങളിറക്കാന്‍ ഖാന്‍ തക്കംപാര്‍ത്തിരിക്കുകയായിരുന്നെന്നും പാര്‍ട്ടി വക്താവ് ദീപക് ബാജ്പേയി പറഞ്ഞു.  


അപകീര്‍ത്തി കേസില്‍ കെജ്രിവാളിന് ജാമ്യം
അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ പഞ്ചാബിലെ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ജാമ്യം. 
പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിങ് മജീതിയയാണ് കെജ്രിവാളിനും പാര്‍ട്ടി പ്രവര്‍ത്തകന്‍ സഞ്ജയ് സിങ്, പത്രപ്രവര്‍ത്തകന്‍ കൂടിയായ ആശിഷ് ഖേതന്‍ എന്നിവര്‍ക്കുമെതിരെ കേസ് നല്‍കിയത്.  വെള്ളിയാഴ്ച നേരില്‍ ഹാജരായ കെജ്രിവാളിനും സഞ്ജയ് സിങ്ങിനും 40000 രൂപയുടെ സ്വന്തം ജാമ്യം അനുവദിച്ച കോടതി ആശിഷ് ഖേതനോട് കേസില്‍ ഇനി വാദം കേള്‍ക്കുന്ന ദിവസം ഹാജരാവാനും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15നാണ് കേസില്‍ ഇനി വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.