ചർച്ചിൽ വ്യാജ ബോംബ്: ഇന്ത്യക്കാരൻ സിംഗപ്പൂരിൽ അറസ്റ്റിൽ

സിംഗപ്പൂർ: ക്രൈസ്തവ ചർച്ചിൽ വ്യാജ ബോംബ് സ്ഥാപിച്ച് ഭീതിപരത്തിയ ഇന്ത്യൻ വംശജൻ സിംഗപ്പൂരിൽ അറസ്റ്റിൽ. കൊകുലാനന്ദൻ മോഹൻ (26) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.

അപ്പർ ബുക്കിറ്റ് തിമാ മേഖലയിലെ സെന്റ് ജോസഫ് ചർച്ചിലാണ് വയറുകളും മറ്റും ഘടിപ്പിച്ച് ടേപ്പ് ചുറ്റിയ നിലയിൽ വ്യാജബോംബ് കണ്ടെത്തിയത്. ഇന്നലെ പ്രാർഥനക്കെത്തിയ വിശ്വാസികൾ ഈ അജ്ഞാത വസ്തു ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലത്തെ ആരാധനാ പരിപാടികൾ മുടങ്ങി. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയിൽ ഉൾപ്പെടുന്ന പള്ളിയിൽ ക്രിസ്മസ് പ്രമാണിച്ച് നിരവധി വിശ്വാസികൾ എത്തിയിരുന്നു.

ചുവന്ന വയറുകൾ ഘടിപ്പിച്ച് കറുപ്പും മഞ്ഞയും ടേപ്പുകൾ ഉപയോഗിച്ച് ഒട്ടിച്ച മൂന്ന് കാർഡ്ബോർഡ് റോളുകളാണ് ഉണ്ടായിരുന്നത്. ഇതിൽ കല്ലുകൾ നിറച്ച നിലയിലായിരുന്നു. രാവിലെ 7.11 ഓടെയാണ് ഇത് ശ്രദ്ധയിൽപെട്ടത്. ബോംബ് സ്ക്വാഡും പൊലീസും എത്തി പരിശോധിച്ചാണ് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചത്.

കോകിലാനന്ദൻ തനിച്ചാണ് ഇത് ചെയ്തതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മതപരമായ പ്രേരണയോ ഭീകരപ്രവർത്തനമോ ആണെന്നതിന് നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഇയാൾക്ക് 10 വർഷം വരെ തടവോ 5,00,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Tags:    
News Summary - Indian-Origin Singaporean Arrested For Placing Fake Bomb At Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.