ഹുബ്ബള്ളി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവും സഹോദരനും ചേർന്ന് യുവതിയെ വെട്ടിക്കൊന്നു. ആറുമാസം ഗർഭിണിയായ മാന്യത പാട്ടീലി(19)നെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപിച്ചു.
മാന്യതയുടെ പിതാവ്, സഹോദരൻ, മറ്റൊരു ബന്ധു എന്നിവർ ചേർന്നാണ് ആക്രമിച്ചത്. കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏഴുമാസം മുമ്പാണ് മാന്യതയും വിവേകാനന്ദയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഹാവേരി ജില്ലയിലേക്ക് ദമ്പതികൾ താമസം മാറ്റി. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പ് ശ്രമം നടത്തിയാണ് ഇരുവരെയും സ്വദേശിത്തേക്ക് കൊണ്ടുവന്നത്.
ഇന്നലെ വൈകീട്ട് വിവേകാനന്ദന്റെ വീട്ടിൽ ഇരിക്കുന്ന സമയത്താണ് മാന്യതയുടെ അച്ഛനും ബന്ധുക്കളും എത്തിയത്. ഇതിനിടെ, വിവേകാനന്ദന്റെ അച്ഛനെ ട്രാക്ടറിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നു. വിവരമറിഞ്ഞ് വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് മാന്യതയെ പിതാവും കൂട്ടരും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറിടിച്ച സ്ഥലത്തെത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും മാന്യതയുടെ മറ്റുബന്ധുക്കൾ ചേർന്ന് ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.