പ്രക്ഷോഭത്തിനിടെ രാഹുൽ ഗാന്ധി യുനയിൽ

 അഹമ്മദാബാദ്​: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ  ഗോസംരക്ഷകര്‍ ദളിത് യുവാക്കളെ മർദിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം നാലാം ദിവസവും തുടരുകയും പാർലമെൻറി​െൻറ വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ദമാക്കുകയും  ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജ്​റാത്തിലെ യുനയിലെത്തി. മര്‍ദ്ദനത്തിനിരകളായവരുടെ വീടുകളിലെത്തിയ രാഹുല്‍ ഗാന്ധി സംഭവത്തെക്കുറിച്ച് നേരിട്ട് വിവര ശേഖരണം നടത്തി.

 ആരോപണങ്ങളെ മറികടക്കുന്നതിനും ജനകീയ പ്രശ്നങ്ങളിൽ  ഇടപെടുന്നു എന്ന് വരുത്തിത്തീര്‍ക്കാനുമാണ് രാഹുലിന്റെ യുന സന്ദര്‍ശനമെന്ന്​ ഭരണ പക്ഷം തിരിച്ചടിച്ചു. വ്യത്യസ്ത സ്ഥലങ്ങളിലായി ദളിത് സംഘടനകൾ നടത്തിയ പ്രതിഷേധ റാലികളിലാണ് യുവാക്കൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയിൽ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങൾക്കിടയിൽ സഭ നിർത്തിവെക്കുകയും ചെയ്തിരുന്നു.

സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകൽപണിക്കാരെ മർദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. മർദിക്കുന്ന ദൃശ്യങ്ങൾ മുന്നറിയിപ്പെന്ന നിലയിൽ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾ ചത്ത പശുവിന്‍റെ തോലുരിക്കുക മാത്രമാണ് ചെയ്തതെന്ന് അക്രമത്തിനിരയായവർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ കഴിയുകയാണ്.

സോഷ്യൽ മീഡിയയിലൂടെ വൈറലായ പ്രകോപനമുണ്ടാക്കുന്ന ഈ ദൃശ്യങ്ങളാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തിയത്. വിഡിയോയിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിനുത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അക്രമത്തിനിരയായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷവും സാമൂഹ്യ-സന്നദ്ധ പ്രവർത്തകരും വിഷയത്തിൽ സർക്കാർ ഉറച്ച നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.