ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15നെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന് ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും ബിലിമോക്കും ഇടയിലായിരിക്കും ആദ്യ സർവിസ്.

ആദ്യ ഘട്ടത്തി​ലെ സൂറത്ത്-ബിലിമോറ സർവിസിനു പിന്നാലെ വാപി-സൂറത്ത് സെക്ഷനും വാപി-അഹമ്മദാബാദ് പാതയും പ്രവർത്തനസജ്ജമാകും. തുടർന്ന് താനെ മുതൽ അഹമ്മദാബാദ് വരെയും, അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള പാതയും യാഥാർഥ്യമാക്കും.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്ക് 508 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ജാപ്പനീസ് ‘ഷിൻകാൻസെൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകും. ഇതോടെ മുംബൈ-അഹമ്മദാബാദ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.

ഗുജറാത്ത്, ദാദ്ര-നഗർ ഹവേലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ അഹമ്മദാബാദ്, വഡോദര, ഭറൂച്ച്, സൂറത്ത്, വാപി, താനെ, മുംബൈ എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം സ്റ്റേഷനുകളുണ്ടാകും.

പദ്ധതിയുടെ 85 ശതമാനത്തിലധികം പാതയും തൂണുകളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ നിർമാണം 326 കിലോമീറ്ററിലധികം പൂർത്തിയായി. നദികൾക്ക് കുറുകെയുള്ള 25 പാലങ്ങളിൽ 17 എണ്ണവും പൂർത്തിയായിക്കഴിഞ്ഞു. സൂറത്ത്-ബിലിമോറ പാതയിലെ ട്രാക്ക് നിർമാണം ഉൾപ്പെടെയുള്ള സിവിൽ ജോലികൾ അവസാന ഘട്ടത്തിലാണ്.

ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികൾ കാരണം നീണ്ടു പോയിരുന്ന പണി, ജപ്പാന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹായത്തോടെയാണ് പുരോഗമിച്ചത്. വന്ദേ ഭാരത് എക്സ്പ്രസ്സുകൾക്ക് ലഭിച്ച സ്വീകാര്യത ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിന് കരുത്ത് പകർന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - India’s first bullet train to launch on August 15, 2027: Ashwini Vaishnaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.