ഉമർ ഖാലിദ്

ഉമർ ഖാലിദിന്‍റെ തടവിൽ ആശങ്കയുമായി യു.എസ് പാർലമെന്‍റ് അംഗങ്ങൾ; ‘മനുഷ്യാവകാശം സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്’

വാഷിങ്ടൺ: ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ വിചാരണ നടത്താതെ ദീർഘകാലം തടവിൽ വെക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് പാർലമെന്‍റ് അംഗങ്ങൾ വാഷിങ്ടണിലെ ഇന്ത്യൻ അംബാസഡർ മോഹൻ ക്വത്രക്ക് കത്തുനൽകി. അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യു.എസ് കോൺഗ്രസിലെയും സെനറ്റിലെയും അംഗങ്ങൾ കത്തിൽ ആവശ്യപ്പെടുന്നു. നടപടികൾ വൈകുന്നതിൽ ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര നിയമപ്രകാരം മനുഷ്യാവകാശം സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.

മുതിർന്ന ഡെമോക്രാറ്റിക് നേതാക്കളായ ജയിംസ് മക്ഗവേൺ, ജേമി റസ്കിൻ, സെനറ്റർമാരായ ക്രിസ് വാൻ ഹോളൻ, പീറ്റർ വെൽഷ്, കോൺഗ്രസ് അംഗങ്ങളായ പ്രമീള ജയപാൽ, യാൻ ഷകോവ്സ്കി, റഷിദ തലൈബ്, ലോയ്ഡ് ഡോഗറ്റ് എന്നിവരുൾപ്പെടെ ഒപ്പുവെച്ച കത്താണ് മോഹൻ ക്വത്രക്ക് നൽകിയത്. ഇന്ത്യ -യു.എസ് സഹകരണത്തിന്‍റെ ധാരണയിൽ പരാമർശിക്കുന്നതുപോലെ, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശം എന്നിവ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും മാധ്യമ റിപ്പോർട്ടുകളും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതും കത്തിൽ സൂചിപ്പിക്കുന്നു.

നേരത്തെ ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി കത്തെഴുതിയിരുന്നു. തിഹാർ ജയിലിൽ യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി കൂടിയായ ഉമർ ഖാലിദിനെ സംബോധന ചെയ്ത് മംദാനി എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം ഉമറിന്‍റെ സുഹൃത്ത് ബനജ്യോത്സന ലാഹിരിയാണ് പുറത്തുവിട്ടത്. ഖാലിദിന്‍റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മംദാനി കത്തെഴുതിയത്.

‘കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ഒരാളെ സ്വയം നശിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’ -സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്തെത്തിയിരുന്നു.

2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങിൽ, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ രചനകൾ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടവിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്. കഴിഞ്ഞ മാസം ഉമറിന്‍റെ മാതാപിതാക്കൾ യു.എസ് സന്ദർശിച്ച വേളയിലാണ് മംദാനി കത്ത് കൈമാറിയതെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം, സഹോദരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂർത്തിയാക്കിയ ഉമർ ഖാലിദ് തിങ്കളാഴ്ച തിരികെ ജയിലിലെത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11നാണ് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.

Tags:    
News Summary - US Lawmakers Write to Indian Ambassador Expressing Concern Over Umar Khalid's Prolonged Detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.