ആണവ വൈദ്യുതിക്ക് വിദേശ കമ്പനികളുമായി രഹസ്യ കരാർ ഒപ്പിട്ട് എൻ.ടി.പി.സി

മുംബൈ: റഷ്യയുമായും ഫ്രാൻസുമായും പുതിയ ആണവ വൈദ്യുതി പദ്ധതി കരാർ ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരായ എൻ.ടി.പി.സി. റഷ്യയുടെ റൊസറ്റം, ഫ്രാൻസിന്റെ ഇ.ഡി.എഫ് തുടങ്ങിയ കമ്പനികളുമായാണ് രഹസ്യ കരാറിലേർപ്പെ​ട്ടത്. പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറുകൾ സ്ഥാപിച്ചായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. സ്വദേശിവത്കരണത്തിന് ഊന്നൽ നൽകുന്ന പദ്ധതി പൂർണതോതിൽ സജ്ജമാക്കിയ ശേഷം എൻ.ടി.പി.സിക്ക് കൈമാറുകയാണ് കരാറിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം മാർച്ചിലാണ് 15 ജിഗവാട്ട് വൈദ്യുതി എന്ന ലക്ഷ്യത്തോടെ വൻകിട പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറുകൾ സ്ഥാപിക്കാൻ എൻ.ടി.പി.സി ആഗോള ടെൻഡർ വിളിച്ചത്.

ആണവ വൈദ്യുതി ഉത്പാദന മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതിന് പിന്നാലെയാണ് എൻ.ടി.പി.സിയുടെ നീക്കം. കരാർ പ്രകാരം പദ്ധതിക്ക് ഉപയോഗിക്കുന്ന സാ​ങ്കേതിക വിദ്യയുടെ സവിശേഷതകൾ പരിശോധിക്കാനും വേണ്ടെന്ന് വെക്കാനും പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സിക്ക് കഴിയും. സാ​ങ്കേതികവിദ്യയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത്, ലോകത്തെ എല്ലാ പ്രമുഖ കമ്പനികളെയും ഉൾപ്പെ​ടുത്തുന്ന ആഗോള ടെൻഡറിൽ അന്തിമ തീരുമാനമെടുക്കാൻ എൻ.ടി.പി.സിയെ സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

റഷ്യയുടെ റൊസറ്റം, ദക്ഷിണ കൊറിയയുടെ കൊറിയ ഇലക്ട്രിക് പവർ കമ്പനി, യു.എസിന്റെ വെസ്റ്റിങ്ഹൗസ്, ഫ്രാൻസിന്റെ ഇ.ഡി.എഫ് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ ആണവ വൈദ്യുതി പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതിക്ക് ആവശ്യ​മായ സാ​ങ്കേതികവിദ്യയുടെ സാമ്പത്തിക ചെലവ് പരിഗണിച്ചാണ് എൻ.ടി.പി.സി കരാർ തയാറാക്കിയത്. നേരത്തെ, പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷനുമായി ചേർന്ന് അശ്വിനി എന്ന വൻകിട വൈദ്യുതി ഉത്പാദന പ്ലാന്റുകൾ സ്ഥാപിച്ച അനുഭവ പരിചയംകൂടി എൻ.ടി.പി.സിക്കുണ്ട്. പരമാണു ഊർജ നിഗം എന്ന അനുബന്ധ കമ്പനിയിലൂടെ 2047ഓടെ 30 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് എൻ.ടി.പി.സി പദ്ധതി.

Tags:    
News Summary - NTPC inks pacts with foriegn companies to develop nuclear power plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.