വിഷയം യാഥാര്‍ഥ്യബോധത്തോടെ നേരിടണം –സോണിയ

ന്യൂഡല്‍ഹി: കശ്മീരികള്‍ നമ്മുടെ ജനങ്ങളാണെന്നും കശ്മീര്‍ ജനതയെ കൈവെടിയാന്‍ ഇന്ത്യക്ക് കഴിയില്ളെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അവരുടെ ആവലാതികളോട് ആത്മാര്‍ഥമായി ഭരണകൂടം പ്രതികരിച്ചിട്ടില്ല. തീവ്രവാദികളെ കര്‍ക്കശമായി നേരിടണമെന്ന് പറയുമ്പോള്‍തന്നെ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തുകയും അക്രമത്തിനും കടുത്ത പ്രതിഷേധത്തിനും കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ചിന്തിക്കുകയും വേണമെന്ന് സോണിയ പറഞ്ഞു. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തിന് എത്തിയ കോണ്‍ഗ്രസ് എം.പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. കശ്മീര്‍ വിഷയത്തെ സംയമനത്തോടെ നേരിടുകയും കടുത്ത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി കാണിക്കുകയും വേണമെന്ന് സോണിയ പറഞ്ഞു.

അതല്ളെങ്കില്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. അതിര്‍ത്തി മാറ്റിവരക്കാന്‍ കഴിയില്ളെങ്കിലും ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് കഴിയുന്നത്ര ചെയ്യാന്‍ സാധിക്കണമെന്നാണ് കോണ്‍ഗ്രസിന്‍െറ നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമായി മോദിസര്‍ക്കാര്‍ ജനാധിപത്യ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയുമാണ്. പാര്‍ലമെന്‍റിലെ ഭൂരിപക്ഷം, സങ്കുചിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ലൈസന്‍സായി അവര്‍ കാണുന്നു.

രണ്ടു വര്‍ഷത്തിനിടയില്‍ മോദിസര്‍ക്കാര്‍ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. വിപണന തന്ത്രങ്ങളും പഴയ പരിപാടികള്‍ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്ന ഏര്‍പ്പാടുമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഇതിനെല്ലാമിടയില്‍ ഭക്ഷ്യസാധന വിലക്കയറ്റം സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ മുന്‍സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ പ്രതിരോധരംഗമടക്കം ‘എല്ലാവര്‍ക്കും സൗജന്യം’ എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.