????????? ?????? ?????????????? ????? ????????? ????????? ??????????? ????????????? ???????? ?????????? ????? ????? ??????? ???????? ????

ദലിത് പീഡനം: സഭയില്‍ പ്രതിഷേധം ഇരമ്പി; മോദി പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധമിരമ്പി. ഗോ സംരക്ഷണത്തിന്‍െറ പേരിലുള്ള കൊടുംക്രൂരത ഉയര്‍ത്തി കോണ്‍ഗ്രസും ബി.എസ്.പിയും  മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ തീര്‍ത്തും മുടങ്ങി.

ലോക്സഭയില്‍ കോണ്‍ഗ്രസിന്‍െറ അടിയന്തര പ്രമേയം സ്പീക്കര്‍ അനുവദിച്ചില്ല. വിഷയത്തില്‍ മന്ത്രി രാജ്നാഥ് സിങ് നല്‍കിയ മറുപടി തൃപ്തികരമല്ളെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി.  മോദിയുടെ നാട്ടില്‍ സംഘ്പരിവാര്‍ ബന്ധമുള്ള ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ കൊടുംക്രൂരത കേന്ദ്രത്തിനെതിരായ ആയുധമാക്കുകയാണ് പ്രതിപക്ഷം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകള്‍ അരക്ഷിതരാണെന്നും ദലിത് മുക്ത ഭാരതത്തിനുവേണ്ടിയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ഗുജറാത്ത് സംഭവം ഖേദകരമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്താണ് ദലിതുകള്‍ കൂടുതല്‍ ആക്രമണത്തിനിരയായതെന്ന് കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഏറെ ദു$ഖിതനാണ്.

ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ പിടികൂടുകയും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഗുജറാത്ത് സര്‍ക്കാറിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും രാജ്നാഥ് പറഞ്ഞു. ഇത് പ്രതിപക്ഷ  ബെഞ്ചിനെ കൂടുതല്‍ പ്രകോപിതരാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റതോടെ രാജ്നാഥിന്‍െറ മറുപടി പലകുറി തടസ്സപ്പെട്ടു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നടന്ന ക്രൂരതയെക്കുറിച്ച് പറയുമ്പോള്‍  പതിറ്റാണ്ട് മുമ്പുള്ള കണക്ക് പറയുകയല്ല വേണ്ടതെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്നാഥിന് മറുപടി നല്‍കി. ഗുജറാത്ത് സംഭവം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി  രൂപവത്കരിക്കണം. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെക്കണമെന്നും  ഖാര്‍ഗെ ആവശ്യപ്പെട്ടു.  രാജ്യസഭയില്‍ ബി.എസ്.പി നേതാവ് മായാവതിയും മന്ത്രി വെങ്കയ്യ നായിഡുവും തമ്മില്‍ വാക്കേറ്റമുണ്ടായി. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം  ഗുജറാത്തില്‍ ദലിതുകള്‍ പലവിധത്തില്‍ ക്രൂശിക്കപ്പെടുകയാണ്.  ജനക്കൂട്ടത്തിന് മുന്നില്‍  ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചിട്ടും പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും മായാവതി കുറ്റപ്പെടുത്തി.

ഏതോ ചിലര്‍ നടത്തിയ ആക്രമണത്തിന്‍െറ പേരില്‍ ബി.ജെ.പിയുടെ പേരെടുത്ത് കുറ്റപ്പെടുത്തരുതെന്ന വാദവുമായി മന്ത്രി വെങ്കയ്യ എഴുന്നേറ്റു.  
ബി.ജെ.പിക്കാര്‍തന്നെയാണ് ദലിത് ആക്രമണത്തിന് പിന്നിലെന്ന് മായാവതി ആവര്‍ത്തിച്ചു. ദലിതുകള്‍ക്കുനേരെ ബി.ജെ.പിയുടെ മനോഭാവമാണ് ഉന സംഭവത്തില്‍ കണ്ടതെന്നും അവര്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ അല്‍പനേരം വാക്കേറ്റമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.