ബാബരി: നിയമ പോരാട്ടത്തിനിടയില്‍ നീതി കിട്ടാതെ ഹാഷിം അന്‍സാരി വിട വാങ്ങി

യു.പി:  ബാബരി ധ്വംസന കേസില്‍ നീണ്ടകാലം നിയമ പോരാട്ടം നടത്തിയ ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ന് അയോധ്യയിലെ വിട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു . പുലര്‍ച്ചെ ചായകുടിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്ന അന്‍സാരി കുഴഞ്ഞ് വീഴുകയായിരുന്നു. ഖബറടക്കം വൈകിട്ട് അഞ്ചിന് അയോധ്യയില്‍.

 അയോധ്യ കേസിലെ ഏറ്റവും പ്രായം ചെന്ന കക്ഷിയായ മുഹമ്മദ് ഹാഷിം അന്‍സാരി  2014ല്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസ് നടത്താനുള്ള അധികാരം മകന് നല്‍കി. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ ദൃക്സാക്ഷിയാണ്. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാ നമസ്കരിച്ചവരില്‍  ഒരാളാണ് അന്‍സാരി. നമസ്കാരം നടക്കുന്ന മസ്ജിദായിരുന്നില്ളെന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവായതാണെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം. ഇതിനെതിരെ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴു കക്ഷികളില്‍ ഒരാളാണ് മുഹമ്മദ് ഹാഷിം അന്‍സാരി. മറ്റുള്ളവരെല്ലാം നേരത്തെ മരണപ്പെട്ടു.

തയ്യല്‍ക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരി ബാബരി മസ്ജിദിനെ നോക്കിയാല്‍ കാണുന്ന ദൂരത്ത് കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം.  തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കരുത് എന്ന് ഹിന്ദുക്കളോടും മുസ്ലിംകളോടും  നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രത്തിന് നഷ്ടമുണ്ടാകുമെന്ന് ഹാഷിം അന്‍സാരി അയോധ്യയിലെ ജനങ്ങളെ പഠിപ്പിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍െ നേതാക്കളായ രാം ചന്ദര്‍ പരമഹംസും മഹന്ത് ഭാസ്കര്‍ ദാസും അന്‍സാരിയൂടെ സുഹൃത്തുക്കളായിരുന്നു. നിയമ പോരാട്ടത്തിന്‍െറ അവസാനം തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. തന്നെ കാണാനത്തെുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയും ഇടക്കിടെ അനുരഞ്ജനം എന്ന പേരില്‍ നടക്കുന്ന നാടകങ്ങള്‍ക്ക് മൂകസാക്ഷിയായും വല്ലപ്പോഴുമൊക്കെ സര്‍ക്കാറുകളോട് പൊട്ടിത്തെറിച്ചും കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഹാഷിം അന്‍സാരി നിറസാന്നിധ്യമായിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിനായി ആറു മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെ അന്‍സാരി വിമര്‍ശിച്ചിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള വി.എച്ച്.പിയുടെ രാഷ്ട്രീയ നാടകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനനയിലിരിക്കുന്ന വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വി.എച്ച്.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.