ആര്‍.എസ്.എസിനെതിരായ പരാമര്‍ശം: രാഹുല്‍ മാപ്പുപറയില്ല –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുചോദിക്കുന്ന പ്രശ്നമില്ളെന്ന് കോണ്‍ഗ്രസ്. മഹാത്മാ ഗാന്ധി വധത്തിന്‍െറ ഉത്തരവാദിത്തം ആര്‍.എസ്.എസിനാണെന്ന് പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയുകയോ അല്ളെങ്കില്‍ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുകയോ ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവിനോടുള്ള പ്രതികരണമായാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല  ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രയാഥാര്‍ഥ്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം ഈ വിഷയത്തില്‍ മാപ്പുപറയില്ല. ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  താന്‍ മാപ്പുപറയില്ളെന്ന് രാഹുല്‍  ഗാന്ധി എ.ഐ.സി.സി യോഗത്തില്‍ വ്യക്തമാക്കിയതായി യോഗതീരുമാനങ്ങള്‍ അറിയിച്ച പാര്‍ട്ടി വക്താവ് ഗൗരവ് ഗോഗോയും മാധ്യമങ്ങളോട് പറഞ്ഞു.

2014ലെ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ മഹാരാഷ്ട്രയിലെ താണെയില്‍ രാഹുല്‍  നടത്തിയ പ്രസംഗത്തിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിയെ കൊന്നു. എന്നിട്ടിപ്പോള്‍ അവരുടെ ആള്‍ക്കാര്‍ ഗാന്ധിയെക്കുറിച്ച് സംസാരിക്കുകയാണ്’ എന്നായിരുന്നു രാഹുലിന്‍െറ താണെ പ്രസംഗം.ഗാന്ധിവധത്തിന്‍െറ ചരിത്രവസ്തുതകളിലേക്ക് രാഹുലിന്‍െറ അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ശ്രദ്ധക്ഷണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് രാഹുല്‍  മാപ്പുപറയുകയോ അല്ളെങ്കില്‍ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുകയോ ചെയ്യണമെന്ന് അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് രാഹുല്‍ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട എല്ലാവരെയും മുദ്രകുത്തുന്ന തരത്തില്‍ സംസാരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഒരു സംഘടനയെ മൊത്തമായി അധിക്ഷേപിക്കാനാകില്ളെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.