മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ വിമാന ദുരന്തത്തിൽ മരിച്ച സംഭവത്തിൽ സംശയമുന്നയിച്ച് സഹോദര പുത്രനും പവാർ പക്ഷ എം.എൽ.എയുമായ രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പ്രവർത്തന ക്ഷമത, മുഖ്യപൈലറ്റ് സുമിത് കപൂറിന്റെ മാനസികാവസ്ഥ, ആശയവിനിമയ സിഗ്നൽ ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നത് തുടങ്ങിയ സംശയങ്ങളാണ് ചൊവ്വാഴ്ച പവർപോയന്റ് പ്രസന്റേഷനിലൂടെ രോഹിത് ഉന്നയിച്ചത്. സുതാര്യവും ആഴത്തിലുള്ളതുമായ അന്വേഷണം വേണമെന്നും ആവശ്യമമെങ്കിൽ അന്വേഷണത്തിന് വിദേശ ഏജൻസികളുടെ സഹായം തേടണമെന്നും ആവശ്യപ്പെട്ടു.
ജനുവരി 28ന് രാവിലെ 8.45 ഓടെയാണ് അജിത് പവാറുമായി മുംബൈയിൽ നിന്നും പറന്ന വിമാനം ബാരാമതി വിമാനത്താവളത്തിനടുത്ത് തകർന്നുവീണത്. 27ന് അജിത് പവാർ, റോഡുമാർഗം ബാരാമതിയിലേക്ക് പുറപ്പെടാനിരുന്നതാണെന്നും വിദർഭയിൽ നിന്നുള്ള ‘വലിയ നേതാവു’മായി അടിയന്തര കൂടിക്കാഴ്ചയെ തുടർന്നാണ് അടുത്ത ദിവസം വിമാനത്തിൽ യാത്രചെയ്തതെന്നും രോഹിത് പറഞ്ഞു. വിമാനം പറത്തേണ്ടിയിരുന്നത് മറ്റ് രണ്ട് പൈലറ്റുമാരായിരുന്നു. അവർ ട്രാഫിക്കിൽ കുടുങ്ങി എന്നു പറഞ്ഞാണ് സുമിത് കപൂർ, സംഭവി പഥക് എന്നിവരെ നിയോഗിച്ചത്.
മദ്യപിച്ച് വിമാനം പറത്തിയതിന് സസ്പെൻഷനിലായ ആളാണ് സുമിത് എന്നു പറഞ്ഞ രോഹിത്, വിമാനം പറത്തും മുമ്പ് ഇദ്ദേഹത്തെ പരിശോധനക്ക് വധേയമാക്കിയിരുന്നോ എന്ന് ചോദിച്ചു. എന്തുകൊണ്ട് മെയ് ഡേ കാൾ ഉണ്ടായില്ലെന്നും ആശയവിനിമയ ഉപകരണങ്ങൾ പ്രവർത്തിച്ചില്ലെന്നും ചോദിച്ചു. ശരദ് പവാറിന്റെ സഹോദരൻ ആനന്ദ് റാവു പവാറിന്റെ മകനാണ് അജിത് പവാർ. പവാറിന്റെ മറ്റൊരു സഹോദരൻ ദിനകർറാവു പവാറിന്റെ മകൻ രജേന്ദ്ര പവാറിന്റെ മകനാണ് രോഹിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.