ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശം ദേശീയ പൊതുപ്രവേശ പരീക്ഷ (നീറ്റ്) വഴി മാത്രമാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. അതേസമയം, ഓര്‍ഡിനന്‍സ് സദുദ്ദേശ്യത്തോടെയല്ളെന്നും സുപ്രീംകോടതിയോടുള്ള അനുസരണക്കേടാണെന്നും ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. കൂടുതല്‍ കുഴപ്പമുണ്ടാക്കാതിരിക്കാന്‍ തങ്ങളുടെ വിധിക്കെതിരായ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുന്നില്ല.
ജൂലൈ 24ന് ‘നീറ്റ്’ രണ്ടാം ഘട്ട പരീക്ഷ നടക്കാനിരിക്കേയാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചത്. ഓര്‍ഡിനന്‍സിലൂടെ സുപ്രീംകോടതി വിധി അനുസരിക്കാതിരിക്കാന്‍ കഴിയും എന്ന് പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
‘നീറ്റ്’ സമൂഹത്തിന്‍െറ വിശാല താല്‍പര്യവുമായി ബന്ധപ്പെട്ടതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്ക് ശേഷം ഇത്തരമൊരു ഉത്തരവിറക്കാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ പറഞ്ഞു. പ്രഥമദൃഷ്ട്യാ ഓര്‍ഡിനന്‍സിന്‍െറ ഭരണഘടനാസാധുത സംശയാസ്പദമാണ്. അതേസമയം, 50 ശതമാനം സംസ്ഥാനങ്ങളും പ്രവേശപരീക്ഷ നടത്തിയ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല.
‘നീറ്റ്’ നടപ്പാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്വകാര്യ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഒന്നടങ്കം തള്ളിയായിരുന്നു 2016-17 വര്‍ഷത്തെ പ്രവേശത്തിന് ‘നീറ്റ്’ നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശത്തിന് ഈ വര്‍ഷം ‘നീറ്റി’ല്‍ ഇളവ് അനുവദിച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ ഓര്‍ഡിനന്‍സിനെതിരെയാണ് മധ്യപ്രദേശിലെ സാമൂഹിക പ്രവര്‍ത്തകനായ ഡോ. ആനന്ദ് റായി, സങ്കല്‍പ് ചാരിറ്റബ്ള്‍ ട്രസ്റ്റ് തുടങ്ങിയവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.