സ്വജനപക്ഷപാതം: ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് എ.എ.പി മന്ത്രിയുടെ മകള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: അരവിന്ദ് കെജ് രിവാളിന്‍റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിക്കുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ മകള്‍ സ്വന്തം പദവി രാജിവെച്ചു. ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയ്നിന്‍റെ മകള്‍ സൗമ്യ ജെയ്നാണ് ആരോഗ്യമന്ത്രാലയത്തിലെ സ്ഥാനമൊഴിഞ്ഞത്.
 ‘മൊഹല്ല’ എന്ന പേരില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഹെല്‍ത്ത് ക്ളിനിക്ക് ശൃംഖലയുടെ മേല്‍നോട്ടമാണ് 26 കാരിയായ സൗമ്യ ജെയ്നിന് നല്‍കിയിരുന്നത്. ജനവാസകേന്ദ്രങ്ങളിലെല്ലാം ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടുള്ള മൊഹല്ല പദ്ധതിക്ക് വന്‍ അംഗീകാരമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ ആര്‍ക്കിടെക് ബിരുദമുള്ള സൗമ്യ ജെയ്നിനെ ഇത്തരമൊരു ആരോഗ്യ പദ്ധതിയുടെ മേല്‍നോട്ടക്കാരിയായ നിയമിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. എ.എ.പി സര്‍ക്കാര്‍ സ്വജനപക്ഷപാതമാണ് തുടരുന്നതെന്നും മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും സ്വന്തക്കാര്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ മകള്‍ സൗമ്യ ജനസേവനത്തില്‍ തല്‍പരയായതുകൊണ്ടാണ് പദ്ധതിയുടെ മേല്‍നോട്ടത്തിലേക്ക് ക്ഷണിച്ചതെന്ന് സത്യേന്ദ്ര ജെയ്ന്‍ പ്രതികരിച്ചു. ഇന്‍ഡോറിലെ ഐ.ഐ.എമ്മില്‍ പ്രവേശം ലഭിച്ചിട്ടും അത് നിരാകരിച്ച് ജനസേവനത്തിനായി സൗമ്യ ഇങ്ങുകയായിരുന്നു. സര്‍ക്കാറിന്‍്റെ ആരോഗ്യ മിഷനില്‍ വളണ്ടിയറായി ജോലി ചെയ്യുന്ന സൗമ്യക്ക് പ്രത്യേക വാഹനമോ,വസതിയോ, ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ളെന്നും മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

പൊതുജനാര്യോഗ്യ രംഗത്തെ മുന്നേറ്റത്തിനായി കെജ് രിവാള്‍ സര്‍ക്കാര്‍ 100 മെഹല്ല കക്ളിനിക്കുകളാണ് സ്ഥാപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.