തെക്കന്‍ സുഡാനിലെ ഇന്ത്യക്കാരെ വേണ്ടിവന്നാല്‍ ഒഴിപ്പിക്കും –സുഷമ

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് തെക്കന്‍ സുഡാനില്‍ കുടുങ്ങിയ മുന്നൂറോളം ഇന്ത്യക്കാരെ സ്ഥിതി കൂടുതല്‍ ഗുരുതരമാവുന്ന പക്ഷം ഒഴിപ്പിക്കാന്‍ ശ്രമം നടത്തിവരുന്നതായി വിദേശകാര്യമന്ത്രി സുഷമ  സ്വരാജ്. സുഡാനിലെ സ്ഥിതി വിലയിരുത്താനും അടുത്ത നടപടി ചര്‍ച്ച ചെയ്യാനും വിളിച്ച ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ സേനയും വിമതരുമായി രൂക്ഷമായ പോരാട്ടമാണ് നടന്നുവന്നതെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സ്ഥിതി അല്‍പം മെച്ചപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം, അടുത്ത മണിക്കൂറുകളിലെ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും.

സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിലും മടങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. താല്‍പര്യമുള്ളവര്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ദക്ഷിണ സുഡാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. 600ല്‍പരം ഇന്ത്യക്കാര്‍ സുഡാനില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. തലസ്ഥാനമായ ജൂബയിലാണ് 450ഓളം പേര്‍. അവിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്ന അടിയന്തര സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍െറ മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.