എയർ ഇന്ത്യ വിമാനം

പുതിയ നിരക്കുമായി എയർ ഇന്ത്യ; അധികനിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള നിരക്കുകളുമായി പുതിയ ഫെയറുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് എയർ ഇന്ത്യ. ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് വിമാനങ്ങളിലെ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിച്ചതോടെയാണ് ടിക്കറ്റിന് ഈടാക്കാവുന്ന പരമാവധി തുക കേന്ദ്രസർക്കാർ നിശ്ചയിച്ചത്. കേന്ദ്രസർക്കാർ നിർദേശത്തിനനുസരിച്ച് ടിക്കറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുമെന്നാണ് എയർ ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പഴയതിൽ നിന്ന് പുതിയ നിരക്കിലേക്ക് മാറുന്ന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതോടെ കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചതിന് ശേഷം അധിക നിരക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് എയർ ഇന്ത്യ റീഫണ്ട് നൽകും.

നേരത്തെ ഇൻഡിഗോ പ്രതിസന്ധി മുതലടെുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിന് വലിയ വർധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് വർധന തടയുന്നതിനായി നിരക്ക് പരിധി നിശ്ചയിച്ചുകൊണ്ട് ഫെയർകാപ് പ്രഖ്യാപിച്ചത്. നിശ്ചിത നിരക്കിന് മുകളിൽ ടിക്കറ്റ് ഈടാക്കാൻ പാടില്ലെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കോവിഡ് കാലത്താണ് സമാനമായ രീതിയിൽ വ്യോമയാന മന്ത്രാലയം ഫെയർക്യാപ് പ്രഖ്യാപിച്ച് നിരക്ക് വർധന പിടിച്ചു കെട്ടാൻ ഇട​പെട്ടത്.

ഒരോ ദൂര പരിധിക്കും നിശ്ചിത തുകയിൽ കൂടുതൽ ടിക്കറ്റുകൾ ഈടാക്കരുതെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

വ്യോമ പ്രതിസന്ധിക്കിടയിൽ ചില എയർലൈൻ കമ്പനികൾ അസാധാരണമാം വിധം ടിക്കറ്റ് നിരക്കുയർത്തിയത് ഗൗരവത്തോടെ പരിഗണിക്കുന്നതായും, ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കൊള്ളയടിക്കുന്നത് തടയാനും മന്ത്രാലയത്തിന് ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി. പ്രതിസന്ധി ബാധിച്ച റൂട്ടുകളിലെ വിമാനനിരക്ക് മന്ത്രാലയം നിരീക്ഷിക്കും.

വ്യോമയാന മന്ത്രാലയം നിശ്ചയിച്ച പരിധി

500 കിലോമീറ്റർ വരെ 7,500 രൂപ

500 കി.മീ മുതൽ 1000 കി.മീ വരെ 12,000 രൂപ

1000-1500 കി.മീ വരെ 15,0000 രൂപ

1500 കി.മീ മുകളിൽ 18,000രൂപ

യൂസർ ഡെവലപ്മെന്റ് ഫീ (യു.ഡി.എഫ്), പാസഞ്ചർ സർവീസ് ഫീസ് (പി.എസ്.എഫ്), ടാക്സ് എന്നിവ ഉൾപ്പെടെതെയാണ് ഈ നിരക്ക്. ബിസിനസ് ക്ലാസിനും പരിധി ബാധകമല്ല. പ്രതിസന്ധി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം പാലിക്കുന്നത് ഡി.ജി.സി.എയും കേന്ദ്ര വ്യോമയാന മന്ത്രാലയും ഉറപ്പാക്കും.

Tags:    
News Summary - Air India rolls out new fares after govt order on price caps amid IndiGo crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.