കത്തിച്ചാമ്പലായ നിശാക്ലബ്ബിന്റെ അകത്ത് പരിശോധന നടത്തുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ
പനജി: ഒന്നാം നിലയിൽ വിനോദസഞ്ചാരികൾ ഡാൻസിൽ മുഴുകിയിരിക്കുമ്പോഴാണ് ഞായറാഴ്ച പുലർച്ച ഒരു മണിയോടെ ബിർച്ച് ബൈ റോമിയോ ലെയിൻ നിശാക്ലബിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. നൂറോളം പേരാണ് സംഭവ സമയം ഇവിടെയുണ്ടായിരുന്നത്.
തീപിടിത്തത്തെത്തുടർന്ന് ആളുകൾ പരക്കംപാച്ചിലായി. ചിലർ ഒരുവിധം രക്ഷപ്പെട്ടു. മറ്റു ചിലർ ഓടിയിറങ്ങിയത് താഴത്തെ നിലയിലെ അടുക്കളയിലേക്ക്. ജീവനക്കാർക്കൊപ്പം അവരും അവിടെ കുടുങ്ങി. നിമിഷനേരംകൊണ്ട് കെട്ടിടം മുഴുവൻ തീയിൽ മുങ്ങി.
ഇടുങ്ങിയ വഴിയിലൂടെ ഒരുവിധം സ്ഥലത്തെത്തിയ അഗ്നിശമന സേനക്ക് ഏറെ പണിപ്പെട്ടാണ് തീയണക്കാൻ കഴിഞ്ഞത്. ഇതിനകം 25 പേർക്ക് ജീവൻ നഷ്ടമായിരുന്നു. അപകട സമയത്ത് ‘ബോളിവുഡ് ബാംഗർ നൈറ്റ്’ എന്ന പേരിലാണ് ആഘോഷം അരങ്ങേറിയതെന്ന് നിശാ ക്ലബിന്റെ ഇൻസ്റ്റഗ്രാം പേജിൽ പറയുന്നു.
അർപോറ നദിയുടെ തീരത്താണ് അപകടമുണ്ടായ നിശാക്ലബ്. കെട്ടിടത്തിലെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഇടുങ്ങിയതാണ്. ഇത് ദുരന്തത്തിെന്റ വ്യാപ്തി വർധിപ്പിച്ചു. മാത്രമല്ല, പ്രധാന പാതയിൽനിന്ന് ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ചുവേണം സ്ഥലത്തേക്ക് എത്താൻ.
അതിനാൽ, അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് കെട്ടിടത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. വാഹനങ്ങൾ 400 മീറ്റർ അകലെ നിർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പനയോലകൊണ്ടുള്ള അലങ്കാരങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു. ഇത് തീ വേഗം പടരാനിടയാക്കി.
സംഭവത്തിൽ നിശാ ക്ലബിെന്റ രണ്ട് ഉടമകൾക്കും മാനേജർക്കും പരിപാടി സംഘടിപ്പിച്ചവർക്കുമെതിരെ പൊലീസ് കേസെടുത്തു. അർപോറ-നഗോവ പഞ്ചായത്ത് പ്രസിഡന്റ് റോഷൻ റേദ്കറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 2013ൽ കെട്ടിടത്തിന് ലൈസൻസ് നൽകിയത് ഇദ്ദേഹമാണ്.
അതേസമയം, നിശാ ക്ലബ് ഉടമകൾ തമ്മിൽ തർക്കമുണ്ടായിരുന്നതായും പരാതിയുമായി ഇരുവരും പഞ്ചായത്തിനെ സമീപിച്ചിരുന്നതായും പ്രസിഡന്റ് പറഞ്ഞു. പരിശോധനയിൽ അനധികൃതമെന്ന് കണ്ടതിനാൽ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ, പഞ്ചായത്ത് ഡയറക്ടറേറ്റ് ഇത് സ്റ്റേ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.