ന്യൂഡൽഹി: ആയിരക്കണക്കിന് വിമാന സർവിസുകൾ റദ്ദാക്കി രാജ്യത്തെ വ്യോമഗതാഗതം ഒരാഴ്ച സ്തംഭിപ്പിച്ച സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയുടെ മേധാവികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കുമെന്ന് റിപ്പോർട്ട്. വിശദീകരണം ആവശ്യപ്പെട്ട് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനും മറ്റു ഉദ്യോഗസ്ഥർക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ശനിയാഴ്ച നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനെത്തിയ നിരവധി എം.പിമാരും ഇൻഡിഗോ സർവിസ് റദ്ദാക്കിയതിനെ തുടർന്ന് പെരുവഴിയിലായതിനിടെയാണ് ജനതാദൾ യു നേതാവ് സഞ്ജയ് ഝാ അധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച സൂചന നൽകിയത്. ഇത്തരമൊരു പ്രതിസന്ധിക്കിടയാക്കിയ കാരണങ്ങളും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള പ്രതിവിധിയും സമിതി ആരായും.
റദ്ദാക്കിയ ടിക്കറ്റുകൾക്ക് 610 കോടി രൂപ യാത്രക്കാർക്ക് ഇൻഡിഗോ തിരികെ നൽകിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വരെ യാത്രക്കാരുടെ 3000 ബാഗേജുകളും നൽകി. തങ്ങളുടെ സർവിസുകൾ സാവകാശം സാധാരണനിലയിലേക്ക് മടങ്ങുമെന്നും ഡിസംബർ 10ന് പൂർവസ്ഥിതിയിലാകുമെന്നുമാണ് മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ദിനേന 2300 വിമാനങ്ങളുടെ സർവിസ് നടത്തിയിരുന്ന കമ്പനി ശനിയാഴ്ച 1600 വിമാനങ്ങളും ഞായറാഴ്ച 1650 വിമാനങ്ങളുമിറക്കി. അതിനിടെ, ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് രൂപം നൽകിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.