വിഷൻ - 2026 പദ്ധതിക്ക് കീഴിൽ ഉന്നത പഠന സ്കോളർഷിപ്പ് വിതരണോദ്ഘാടനം ഇന്ത്യ ഇസ്‌ലാമിക് കൾചറൽ സെൻററിൽ മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സൽമാൻ ഖുർശിദ് നിർവഹിക്കുന്നു
ന്യൂഡൽഹി: മസ്ജിദിലും മസാറിലും പോകുന്നത് പോലൊരു ആത്മീയ കർമമായി വിദ്യാഭ്യാസത്തെ കാണണമെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സൽമാൻ ഖുർശിദ് അഭിപ്രായപ്പെട്ടു. സമ്പത്തിൽ നിന്ന് ചെറിയൊരു വിഹിതം വിദ്യാഭ്യാസ ഉന്നതിക്കായുള്ള പദ്ധതികൾക്കായി മാറ്റിവെച്ചാൽ രാജ്യത്ത് വമ്പിച്ച മാറ്റമുണ്ടാക്കുമെന്നും സൽമാൻ ഖുർശിദ് കൂട്ടിച്ചേർത്തു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ വിഷൻ - 2026 പദ്ധതിക്ക് കീഴിൽ 2025- 26 അക്കാദമിക് വർഷത്തെ ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ് വിതരണോദ്ഘാടനം ഇന്ത്യാ ഇസ്‌ലാമിക് കൾചറൽ സെൻററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളിൽ ഓരോരുത്തരുടെയും പ്രതിഭ വ്യത്യസ്തമാണെങ്കിലും അവർക്കല്ലാം അവസരം ഒരു പോലെ ലഭിക്കണം. തുല്യാവസരം നൽകുന്ന സമൂഹം മാത്രമേ നീതി പുർവകമായ സമൂഹമായി മാറുകയുള്ളൂ. പ്രയാസകരമായ സമയത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന വിടവ് നികത്താൻ വിഷൻ- 2026 പോലുള്ള സംരംഭങ്ങൾ അനിവാര്യമാണെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
സർക്കാറിന്റെയും പൊതുജനങ്ങളുടെയും കൂടി ആവശ്യമാണ് ഇത്തരം പ്രവർത്തനങ്ങൾ എന്നതിനാൽ ഇവക്ക് സഹായകരമായ നിലപാടാണ് സർക്കാറിൽ നിന്നുണ്ടാകേണ്ടത്. ആത്യന്തികമായി രാജ്യത്തെ നിയമങ്ങൾ ജനത്തിന് സഹായകാരമാകുന്നതാകണമെന്നും സൽമാൻ ഖുർശിദ് കൂട്ടിച്ചേർത്തു.
ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി മലിക് മുഅ്തസിം ഖാൻ, പ്രഫസർ ഡോ. മുഹമ്മദ് ഫാറൂഖ് എന്നിവർ സംസാരിച്ചു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജന. സെക്രട്ടറി എം. സാജിദ് ആമുഖ പ്രസംഗവും സി.ഇ.ഒ പി.കെ നൗഫൽ സമാപന പ്രസംഗവും നടത്തി. ഫൗണ്ടേഷൻ എജുകേഷൻ ഡിപ്പാർട്ട്മെന്റ് മാനേജർ ശാരിഖ് അൻസാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.