മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം പരിശീലകന്‍ അമല്‍ ദത്ത അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബാളില്‍ കളിച്ചും കളിപ്പിച്ചും തലമുറകളുടെ ആവേശമായിരുന്ന അമല്‍ ദത്ത വിടപറഞ്ഞു. 86കാരനായ ദത്ത അല്‍ഷൈമേഴ്സടക്കമുള്ള രോഗം അലട്ടിയതിനാല്‍ ആറു മാസമായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് കൊല്‍ക്കത്തയിലെ വസതിയിലാണ് അന്ത്യം. രണ്ടു മക്കളുണ്ട്.
1954ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച ഈ മിഡ്ഫീല്‍ഡര്‍, മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ക്ളബ് ഫുട്ബാളിലും ബൂട്ട് കെട്ടി. ബൂട്ടഴിച്ച ശേഷം ഇംഗ്ളണ്ടില്‍ പോയി കോച്ചിങ് കോഴ്സ് പഠിച്ചു. 1960ലെ സന്തോഷ് ട്രോഫിയില്‍ റെയില്‍വേയെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നീട് ഈസ്റ്റ് ബംഗാളിന്‍െറ കോച്ചായി. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനല്‍ കോച്ചെന്ന് വിശേഷിപ്പിക്കുന്ന അമല്‍ ദത്ത മോഹന്‍ബഗാനു വേണ്ടി 4-1-2-1-2 എന്ന കളിശൈലി കൊണ്ടുവന്നു. ഡയമണ്ട് സിസ്റ്റം എന്ന ഈ ശൈലി ബഗാന് ഏറെ കിരീടങ്ങള്‍ നേടിക്കൊടുത്തു. 1987ല്‍ കോഴിക്കോട്ട് നടന്ന നെഹ്റു കപ്പില്‍ ഇന്ത്യന്‍ ടീമിന്‍െറ ടെക്നിക്കല്‍ ഡയറക്ടറായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.