ജോസ് ചാൾസ് മാർട്ടിൻ
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ രാഷ്ട്രീയത്തിലേക്ക് പുതിയ ചുവടുവെപ്പുമായി പ്രമുഖ ലോട്ടറി മാഫിയ തലവൻ സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ ‘ലച്ചിയ ജനനായക കച്ചി’ എന്ന പേരിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നതായി പ്രഖ്യാപിച്ചു. ഡിസംബർ 14 ന് പുതുച്ചേരിയിൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രവർത്തനമാരംഭിക്കും, മാർട്ടിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനവുമാകുമിത്.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പ്രസംഗം നടത്തുന്നതിനിടെ ജനീവയിൽ പ്രഖ്യാപനം നടത്തിയ മാർട്ടിൻ, അന്താരാഷ്ട്ര വേദിയിൽ പാർട്ടി അനാച്ഛാദനം ചെയ്യാനുള്ള തീരുമാനം മനഃപൂർവമാണെന്ന് പറഞ്ഞു. ആഗോള സഹകരണം വളർത്തിയെടുക്കാനും പുതുച്ചേരിയുടെ രാഷ്ട്രീയ അഭിലാഷങ്ങൾ ആധുനിക ജനാധിപത്യവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ദീർഘകാലത്തെ പ്രവർത്തനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ രാഷ്ട്രീയ യാത്രയിലെ ഒരു നാഴികക്കല്ലാണിതെന്നും കേന്ദ്രഭരണ പ്രദേശത്തിന് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും വിശേഷിപ്പിച്ചു.പുതുച്ചേരിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മാർട്ടിൻ തന്റെ പ്രസ്താവനയിൽ നിശിതമായി വിമർശിച്ചു. അഴിമതി നിറഞ്ഞ ഭരണകൂടത്തിനും ജനങ്ങളെ വർഗീയവും ജാതിപരവുമായ രീതിയിൽ വിഭജിക്കുന്ന ശക്തികൾക്കും ഇടയിൽ കേന്ദ്രഭരണ പ്രദേശം കുടുങ്ങിക്കിടക്കുകയാണെന്നും അതിന്റെ ഫലമായി വികസന സാധ്യതകൾ അവതാളത്തിലായെന്നും ആരോപിച്ചു.
വികസനത്തിന് തടസ്സമാകുന്ന നിലവിലെ സംവിധാനങ്ങളെ പാടെ നീക്കി പുതിയരീതികൾ കൊണ്ടുവരുമെന്നും വിശ്വാസം പ്രകടിപ്പിച്ചു. ഇതുവരെ കാണാത്ത യഥാർഥ ജനാധിപത്യ ഭരണം വാഗ്ദാനം ചെയ്യുന്നതിൽ ‘ലച്ചിയ ജനനായക കച്ചി’ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മാർട്ടിൻ പറഞ്ഞു.
സുതാര്യത, ജനകേന്ദ്രീകൃത നയരൂപവത്കരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിൽ ഊന്നൽ നൽകുന്നതിലൂടെ, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട നിലവിലുള്ള രാഷ്ട്രീയ ക്രമത്തിന് ബദലായി സ്വയം നിലകൊള്ളുമെന്ന് അദ്ദേഹം വാദിച്ചു.
ഇന്ത്യയിലുടനീളം ഭരണ നിലവാരത്തിന് പ്രചോദനം നൽകുന്ന ഒരു മാതൃകാ മേഖലയാക്കി കേന്ദ്രഭരണ പ്രദേശത്തെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 14 ന് നടക്കുന്ന പ്രഖ്യാപന പരിപാടിയിൽ പാർട്ടിയുടെ സംഘടന ചട്ടക്കൂടിന്റെയും തെരഞ്ഞെടുപ്പ് പദ്ധതികളുടെയും വിശദാംശങ്ങൾ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മാർട്ടിൻ കുടുംബവുമായി ബന്ധപ്പെട്ട സ്വാധീനം മ രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനകം താൽപര്യം സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പുതുച്ചേരിയുടെ രാഷ്ട്രീയ രംഗത്തെ ശക്തികളെ വെല്ലുവിളിക്കാനും ഭാവി തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ചർച്ചകളും പുതിയതായി രംഗത്തിറങ്ങുന്ന കളിക്കാരന്റെ വരവിന് കാത്തിരിക്കുകയാണ് പുതുച്ചേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.