കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

ലത്തൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശിവരാജ് വിശ്വനാഥ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവരാജ് ഏഴു തവണ ലോക്സഭാംഗമായിരുന്നു.

1972 മുതൽ മഹാരാഷ്ട്രയി​ലെ കോൺഗ്രസ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 1980ൽ ലോക്സഭയെ പ്രതിനിധീകരിച്ച് ഡൽഹിയിലെത്തിയതിന് ശേഷം കേന്ദ്ര മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ പ്രധാനപ്പെട്ട പദവികളെല്ലാം ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭയിലെ അംഗമായിരുന്നു ഇദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2004 മുതൽ 2008 വരെ ഇന്ത്യയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു പട്ടീൽ. 2008 നവംബർ 26ന് മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി.

പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് പഞ്ചാബ് ഗവർണറായും ചണ്ഡീഗഡിലെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിരുന്നു. ദീർഘകാലമായി രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു പാട്ടീൽ. ഈയിടെയായി അദ്ദേഹം ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വിശ്വനാഥ റാവുവിന്റേയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയിരുന്നു.

Tags:    
News Summary - Congress leader and former Union Minister Shivraj Patil passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.