മോഹൻ ഭഗവത്
തിരുച്ചി: തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂടെ തിരുപ്പറകുൺറം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കപ്പെടണമെന്നും തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന ‘100 വർഷത്തെ സംഘയാത്ര - പുതിയ ചക്രവാളങ്ങൾ’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
‘തിരുപ്പറകുൺറം പ്രശ്നം ഏറ്റെടുക്കണമെങ്കിൽ ഞങ്ങൾ ഇടപെടും. പക്ഷേ ഇപ്പോൾ അതാവശ്യമില്ലെന്ന് കരുതുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതവിടെ പരിഹരിക്കട്ടെ. തമിഴ്‌നാട്ടിലെ ഹിന്ദു ഉണർന്നാൽ തന്നെ ആഗ്രഹിച്ച ഫലം കിട്ടുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇടപെടണമെങ്കിൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ ഞങ്ങളെ അറിയിക്കും, അപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ശക്തിയിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഞങ്ങൾ അത് രൂക്ഷമാക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കണം. അത് ഉറപ്പാണ്. അതിന് ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യും’ -ഭാഗവത് പറഞ്ഞു.
ദേശീയ തലത്തിൽ സംഘടന ഈ വിഷയം ഏറ്റെടുക്കുമോ എന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർഎസ്‌എസ് മേധാവി. ഫെബ്രുവരിയിൽ തിരുപ്പറകുൺറം വിഷയത്തെ ദക്ഷിണേന്ത്യയിലെ അയോധ്യ എന്നാണ് രാജ വിശേഷിപ്പിച്ചത്.
തിരുപ്പറകുൺറം കുന്നിൻ മുകളിലെ ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള സർവേക്കുറ്റിയിൽ ദീപംതെളിക്കാൻ അനുവദിച്ച് കൊണ്ട് മദ്രാസ് ഹൈകോടതി ജഡ്ജി ജി ആർ സ്വാമിനാഥൻ ഉത്തരവിട്ടതാണ് ഇപ്പോൾ പ്രശ്നം ആളിക്കത്തിച്ചത്. ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ഇന്ത്യാ ബ്ലോക്ക് എംപിമാർ ആവശ്യപ്പെട്ടിരുന്നു.
ഹൈന്ദവ ദേവനായ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തിരുപ്പറകുൺറം ഉച്ചൈപിള്ളൈയാർ ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിക്കൽ ചടങ്ങ് മുരുക ഭക്തർ നൂറ്റാണ്ടുകളായി അത്യാദരപൂർവം നടത്തിവരുന്നതാണ്. എന്നാൽ, 1994ൽ ക്ഷേത്രത്തിൽനിന്ന് മാറി തിരുപ്പറകുൺറം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദർ ബാദുഷ ദർഗക്ക് സമീപത്തുള്ള തൂണിൽ ദീപം തെളിക്കണമെന്ന ശാഠ്യവുമായി സംഘ് പരിവാർ രംഗപ്രവേശം ചെയ്തു. ചരിത്രപരമായോ ആചാരപരമായോ ഒരു പിൻബലവുമില്ലാത്ത ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കല്യാണ സുന്ദരം, ഭവാനി സുബ്രഹ്മണ്യം എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് 2017 ഡിസംബറിൽ വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ വർഷം ഇക്കാര്യം ഉന്നയിച്ച് സമർപ്പിച്ച റിട്ട് ഹരജി, സമാധാനവും സൗഹാർദവും തകർക്കാൻ വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും ചെയ്തു. ശേഷം നടന്ന ഹിന്ദുത്വ വർഗീയനീക്കങ്ങളെ എം.കെ. സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണി സർക്കാർ ധീരമായി ചെറുക്കുകയും ചെയ്തു.
എന്നാൽ, ഈ വർഷം സമർപ്പിക്കപ്പെട്ട ഹരജിയിൽ കക്ഷികളുടെ വാദംപോലും കേൾക്കാൻ നിൽക്കാതെ, 2017ലെ ഡിവിഷൻ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി, ഹൈകോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ ദർഗക്ക് സമീപത്തെ തൂണിൽ ദീപം തെളിക്കാൻ സർക്കാറിന് നിർദേശം നൽകി. ഈ വിധി നാടിന്റെ സമാധാനം തകർക്കുന്ന ദുർവിധിയാകുമെന്നതിനാൽ സർക്കാർ നടപ്പാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.