ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിന് വരുന്ന അപേക്ഷകള്‍ പരിശോധിക്കുന്നതിന് സമിതി സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തടഞ്ഞു. ജഡ്ജി നിയമനത്തിനായി വരുന്ന അപേക്ഷകള്‍ കൊളീജിയത്തിന്‍െറ പരിഗണനക്ക് വിടുന്നതിനുമുമ്പ് പരിശോധിക്കുന്നതിന് വിരമിച്ച ജഡ്ജിമാരുടെ സമിതി സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാരുടെ സംഘം നടപടിപത്രം (മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍) തയാറാക്കിവരുകയാണ്.
ഭിന്നതകള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി ബുധനാഴ്ച ചീഫ് ജസ്റ്റിസിന്‍െറ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ജഡ്ജിമാരെ വിലയിരുത്തുന്ന സര്‍ക്കാര്‍ സമിതിയെ സ്ഥാപിക്കണമെന്ന നടപടിപത്രത്തിലെ നിര്‍ദേശം ചീഫ് ജസ്റ്റിസ് എതിര്‍ത്തത്.ജഡ്ജി നിയമനത്തില്‍ രണ്ടു ദശാബ്ദമായി സുപ്രീംകോടതി പിന്തുടര്‍ന്നുവരുന്ന കൊളീജിയം സംവിധാനം അവസാനിപ്പിക്കാന്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ ആക്ട് പാസാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16ന് സുപ്രീംകോടതി ആക്ട് റദ്ദുചെയ്തു. കൊളീജിയം സംവിധാനം കൂടുതല്‍ സുതാര്യമാക്കണമെന്ന നിര്‍ദേശത്തോട് യോജിച്ച സുപ്രീംകോടതി, സംസ്ഥാനങ്ങളോട് കൂടിയാലോചിച്ച് നടപടിപത്രം തയാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
24 ഹൈകോടതികളിലേക്കും സുപ്രീംകോടതിയിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നടപടിപത്രത്തിലുള്ളത്. ഹൈകോടതികളിലേക്കും സുപ്രീംകോടതിയിലേക്കുമായി രണ്ട് നടപടിപത്രമാണ് മന്ത്രിമാരുടെ സംഘം തയാറാക്കിവരുന്നത്. നടപടിപത്രം മാര്‍ച്ചില്‍ സുപ്രീംകോടതി കൊളീജിയത്തിന് സമര്‍പ്പിച്ചിരുന്നെങ്കിലും നിരവധി ചട്ടങ്ങളില്‍ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് തിരിച്ചയച്ചു.
അപേക്ഷകരുടെ മുന്‍പരിചയവും മറ്റും വിശദമായി പരിശോധിക്കുന്ന വിരമിച്ച ജഡ്ജിമാരുടെ സമിതിയുടെ നിയമനം അംഗീകരിക്കാനാവില്ളെന്ന് ചീഫ് ജസ്റ്റിസ് ബുധനാഴ്ച നടന്ന യോഗത്തില്‍ പറഞ്ഞതായി അറിയുന്നു. നിയമകാര്യ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.