ഏക സിവില്‍ കോഡ്: വിഷയം പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്‍െറ സാധ്യത പരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയമകമീഷന് നല്‍കിയ നിര്‍ദേശം കടുത്ത പ്രതിഷേധം ഉയര്‍ത്തി. ഈ മാസം 18ന് ആരംഭിക്കുന്ന വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം വലിയ ഒച്ചപ്പാടിന് ഇടയാക്കിയേക്കും. കോണ്‍ഗ്രസ്,  മുസ്ലിംലീഗ്, ജനതാദള്‍-യു, ആര്‍.ജെ.ഡി തുടങ്ങി വിവിധ പാര്‍ട്ടികള്‍ സര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് രംഗത്തുവന്നു.

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്‍െറ നേതൃത്വത്തിലുള്ള നിയമകമീഷന് നിയമ മന്ത്രാലയം കത്തയച്ചതിന് പിന്നാലെ, മോദി സര്‍ക്കാറിന്‍െറ നടപടി ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടിയെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
നിയമകമീഷന് കത്തയച്ചത് സര്‍ക്കാറിന്‍െറ സുചിന്തിത നീക്കമാണെന്ന് വകുപ്പുമന്ത്രി സദാനന്ദ ഗൗഡ അടക്കമുള്ളവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, വിവിധ സമുദായങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഒരു വിഷയത്തില്‍, കൂടിയാലോചനയില്ലാതെ വിവാദ നീക്കം നടത്തിയ സര്‍ക്കാറിനെ പാര്‍ലമെന്‍റില്‍ നേരിടാനാണ് പാര്‍ട്ടികള്‍ തയാറെടുക്കുന്നത്.

ഏക സിവില്‍ കോഡ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തിന്‍െറ നിലപാട് സുപ്രീംകോടതി ആരായുകയും ചെയ്തിരുന്നു. വിഷയം പഠിക്കാന്‍ നിയമകമീഷനെ ചുമതലപ്പെടുത്തിയ കാര്യം കേന്ദ്രസര്‍ക്കാര്‍ വൈകാതെ കോടതിയെ അറിയിക്കും. യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുറത്തെടുത്ത വിവാദ വിഷയം പാര്‍ലമെന്‍റിലും സുപ്രീംകോടതിയിലും ഉയരുന്നത് വോട്ടു ധ്രുവീകരണ ലക്ഷ്യത്തിന് കൂടുതല്‍ ഉതകുമെന്ന ഒളിയജണ്ട ബി.ജെ.പിക്കുണ്ട്. നിയമകമീഷന്‍െറ അഭിപ്രായ ശേഖരണ നടപടികളും ചര്‍ച്ചയാവുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കു പുറമെ, ദേശീയ തലത്തില്‍ വിവിധ നേതാക്കള്‍ സര്‍ക്കാര്‍ നീക്കത്തെ അപലപിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെങ്കില്‍, പാര്‍ട്ടി ഭരിക്കുന്ന ജമ്മു-കശ്മീരില്‍ അതിന് തുടക്കമിടണമെന്നായിരുന്നു ആര്‍.ജെ.ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.