രാസിപുരത്ത് ദമ്പതികളുടെ കൊലപാതകം: ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

കോയമ്പത്തൂര്‍: നാമക്കല്‍ ജില്ലയിലെ രാസിപുരത്ത് കാസര്‍കോട് സ്വദേശിനിയും ഭര്‍ത്താവും കൊല്ലപ്പെട്ട കേസില്‍ ബന്ധുക്കളെ പൊലീസ് ചോദ്യംചെയ്യുന്നു. രാസിപുരം മുത്തുക്കാളിപട്ടി മല്ലൂരാര്‍ തോട്ടം മുത്തുസ്വാമിയുടെ മകന്‍ ഗുണശേഖരന്‍ (45), ഭാര്യ കാസര്‍കോട് മാങ്ങാട് അംബാപുരം പി.എം. രമണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്. അംബാപുരം പരേതനായ നാരായണന്‍ ആചാരി-നാരായണി ദമ്പതികളുടെ മകളാണ് രമണി. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല. ജൂണ്‍ 30ന് രാവിലെ വീടിനകത്ത് ചമ്മട്ടിയും ചുറ്റികയും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഗുണശേഖരന്‍െറ മൃതദേഹം കട്ടിലിലും രമണിയുടേത് കട്ടിലിനടിയിലുമായിരുന്നു. രമണിയുടെ കാലില്‍ കയര്‍കൊണ്ട് കെട്ടിയിരുന്നു. പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ല. അതേസമയം, അലമാരയില്‍ സൂക്ഷിച്ചിരുന്ന ഭൂസ്വത്തിന്‍െറ ആധാരങ്ങള്‍ കാണാതായിട്ടുണ്ട്.മുത്തുസ്വാമിയുടെ പേരില്‍ രണ്ടിടങ്ങളിലായുള്ള മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഗുണശേഖരന്‍ കൃഷി ചെയ്തിരുന്നത്. പശുക്കളെ വളര്‍ത്തിയിരുന്ന ഗുണശേഖരന്‍ പാല്‍വില്‍പനയും നടത്തിയിരുന്നു.

മുത്തുസ്വാമിയും ഗുണശേഖരനും വെവ്വേറെ വീടുകളിലാണ് താമസം. വ്യാഴാഴ്ച രാവിലെ മുത്തുസ്വാമി പാല്‍ വാങ്ങാന്‍ വീട്ടിലത്തെിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തുടര്‍ന്ന് രാസിപുരം പൊലീസില്‍ പരാതി നല്‍കി. നാമക്കല്‍ എസ്.പി ശശിമോഹന്‍ സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഗുണശേഖരന്‍െറ മൃതദേഹം മുത്തുക്കാളിപട്ടിയിലും രമണിയുടെ മൃതദേഹം കാസര്‍കോടും സംസ്കരിച്ചു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വിശ്വസിക്കുന്നു.

ഗുണശേഖരന്‍െറ മാതാപിതാക്കളായ മുത്തുസ്വാമി-കമലം ദമ്പതികളെയും ഇവരുടെ മകള്‍ വിജിതയെയും പൊലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. ഗുണശേഖരന്‍െറ മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.