തേജസ് ഇനി ഇന്ത്യൻ വ്യോമസേനയുടെ ഭാഗം

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചെറുയുദ്ധവിമാനമായ ‘തേജസ്’ ഒൗദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. വെള്ളിയാഴ്ച ബംഗളൂരുവിലെ ഐ.എ.എഫ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് ആന്‍ഡ് ടെസ്റ്റ് എസ്റ്റാബ്ളിഷ്മെന്‍റില്‍ നടന്ന ചടങ്ങിലാണ് ഒറ്റ എന്‍ജിനും ഇരട്ട സീറ്റുമുള്ള രണ്ടു വിവിധോദ്ദേശ്യ പോര്‍വിമാനങ്ങള്‍ കൈമാറിയത്. 20 വിമാനങ്ങളടങ്ങിയ ‘ഫ്ളയിങ് ഡാഗേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന തേജസ് സേനാവിഭാഗത്തിന്‍െറ (സ്ക്വാഡ്രന്‍ -45) ഭാഗമാണ് രണ്ട് പോര്‍വിമാനങ്ങള്‍. നാലു പരിശീലന വിമാനങ്ങള്‍ ഉള്‍പ്പെടെ ബാക്കിയുള്ള 18 വിമാനങ്ങള്‍ 2018ഓടെ വ്യോമസേനക്ക് കൈമാറും.

കൈമാറ്റ ചടങ്ങിനിടെ തേജസ്സ് സേനാവിഭാഗത്തിന്‍െറ കമാന്‍ഡിങ് ഓഫിസര്‍ ഗ്രൂപ് തലവന്‍ മാധവ് രംഗാചാരി വിമാനം പറത്തി. ഏഴു മേലുദ്യോഗസ്ഥരും 42 വൈമാനികരും 20 ജീവനക്കാരും ഉള്‍പ്പെട്ടതാണ് സേനാവിഭാഗം. തമിഴ്നാട്ടിലെ സൂലൂറായിരിക്കും തേജസ്് വ്യോമസേനയുടെ ആസ്ഥാനം. ദക്ഷിണമേഖലാ എയര്‍കമാന്‍ഡ് എയര്‍ ഓഫിസര്‍ ജസ്ബിര്‍ വാലിയ മുഖ്യാതിഥിയായി പങ്കെടുത്തു. ദശാബ്ദങ്ങളുടെ കഠിനപ്രയത്നത്തിന് ഫലംകണ്ടെന്നും തന്‍െറ ജീവിതത്തിലെ നാഴികക്കല്ലും ഏറ്റവും സംതൃപ്തി നിറഞ്ഞതുമായ നിമിഷമാണിതെന്നും തേജസ്് പദ്ധതിയുടെ ഉപജ്ഞാതാവ് ഡോ. കോട്ട ഹരിനാരായണന്‍ പറഞ്ഞു.

വിമാനത്തിന്‍െറ എന്‍ജിന്‍ ഉള്‍പ്പെടെ പലതും ഇറക്കുമതി ചെയ്തവയാണ്. 33 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വ്യോമസേനയിലേക്ക് ശബ്ദാതിവേഗ പോര്‍വിമാനമായ തേജസിന്‍െറ വരവ്. 15 വര്‍ഷം മുമ്പായിരുന്നു ആദ്യ പരീക്ഷണപ്പറക്കല്‍. 2001നുശേഷം മാത്രം 3050 പരീക്ഷണപ്പറക്കല്‍ നടത്തി. കാലപ്പഴക്കം വന്ന റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ക്കുപകരം സേനയുടെ കരുത്തായി തേജസ് മാറുമെന്നാണ് പ്രതീക്ഷ. കൈമാറിയ വിമാനങ്ങള്‍ ഇനിഷ്യല്‍ ഓപറേഷനല്‍ ക്ളിയറന്‍സ് -രണ്ട് നേടിയതിനാല്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പറക്കലിന് പര്യാപ്തമാണ്. പൊതുമേഖലാ സ്ഥാപനമായ എയറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയും (എ.ഡി.എ) ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡുമാണ് (എച്ച്.എ.എല്‍) വിമാനം നിര്‍മിച്ചത്.

തേജസ്സ് ഒറ്റനോട്ടത്തില്‍

  • പരമാവധി വേഗം മണിക്കൂറില്‍ 1350 കിലോമീറ്റര്‍
  • കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി
  • 13.2 മീറ്റര്‍ നീളം, 12 ടണ്‍ ഭാരം, 4.4 മീറ്റര്‍ ഉയരം
  •  ദൂരപരിധി 400 കിലോമീറ്റര്‍, ചെലവ് 250 കോടി
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.