സ്വാതന്ത്ര്യദിനാഘോഷം രാജ്യമെങ്ങും ജാഗ്രത

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 70ാം പിറന്നാളിന്  നാടെങ്ങും വിപുലമായ ഒരുക്കങ്ങള്‍. കശ്മീര്‍ സംഘര്‍ഷത്തിന്‍െറയും പാക് അതിര്‍ത്തിയിലെ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ മുമ്പില്ലാത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്‍െറ വേദിയായ പഴയ ഡല്‍ഹിയിലെ ചെങ്കോട്ടയും  പരിസരവും പൂര്‍ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

ജനങ്ങളില്‍നിന്ന് നിര്‍ദേശം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇക്കുറി സ്വാതന്ത്ര്യദിന പ്രസംഗം തയാറാക്കിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി മന്‍കി ബാത് റേഡിയോ സന്ദേശ പരിപാടിയിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.  മൈഗവ് പോര്‍ട്ടല്‍ വഴിയും  മോദിയുടെ മൊബൈല്‍ ആപ് വഴിയും  നൂറുകണക്കിന് നിര്‍ദേശങ്ങളാണ് ലഭിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ച  നിര്‍ദേശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും പറയുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഗോരക്ഷകര്‍ ദലിതുകള്‍ക്കു നേരെ നടത്തുന്ന അക്രമം, കശ്മീര്‍, പരിപ്പിന്‍െറ വിലക്കയറ്റം, കര്‍ഷക പ്രതിസന്ധി എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോദിയുടെ ആഹ്വാനത്തിന്  മറുപടിയായി കെജ്രിവാളിന്‍െറ ട്വീറ്റ്.   
അതിനിടെ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.