കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 11 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍/ന്യൂഡല്‍ഹി: സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതിരുന്നതിനു പിന്നാലെ ജമ്മു കശ്മീരില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. പൂഞ്ച് ജില്ലയിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.  ബാബ ബുദ്ധ അമര്‍നാഥ് യാത്ര നടത്തിയ തീര്‍ഥാടകര്‍ക്കാര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ടാണ് മാര്‍ക്കറ്റില്‍ ഗ്രനേഡ് പതിച്ചത്.
വിമത വിഭാഗം ബന്ദാഹ്വാനം ഈ മാസം 18 വരെ നീട്ടി. കശ്മീരില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് വിമത വിഭാഗങ്ങള്‍ ലാല്‍ചൗക്കിലേക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കര്‍ഫ്യൂ കൂടുതല്‍ മേഖലകളിലേക്ക് വിപുലപ്പെടുത്തി. ലാല്‍ചൗക്കിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ശനിയാഴ്ച മാര്‍ച്ച് നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് തുടക്കത്തില്‍ തടഞ്ഞതിനാല്‍ അദ്ദേഹം ഹൈദര്‍പോരയിലെ വസതിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ അറസ്റ്റു ചെയ്തു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഒരു യുവാവുകൂടി മരിച്ചതോടെ ജൂലൈ ഒമ്പതിനു ശേഷം പൊലീസ് വെടിവെപ്പിലും മറ്റും കൊല്ലപ്പെട്ടവര്‍ 58 ആയി. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളൊന്നും ലഭ്യമല്ല. 36ാം ദിവസത്തെ കര്‍ഫ്യൂവില്‍ കടകമ്പോളങ്ങളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു.
ആഭ്യന്തര പ്രശ്നമെന്ന നിലയില്‍ കശ്മീര്‍ വിഷയം കൈകാര്യംചെയ്യുന്നത് അവസാനിപ്പിക്കാതെ സമാധാനം തിരിച്ചത്തെില്ളെന്ന് ഹുര്‍രിയത് കോണ്‍ഫറന്‍സ് പറഞ്ഞു. തൊഴിലോ സാമ്പത്തിക വിഷയങ്ങളോ മുന്‍നിര്‍ത്തിയല്ല ചെറുപ്പക്കാര്‍ അക്രമസമരം നടത്തുന്നതെന്നും, വിഷയം രാഷ്ട്രീയപരമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. രണ്ടു സെറ്റ് കുര്‍ത്തയും പൈജാമയും കൊടുത്താല്‍ തീരുന്നതല്ല പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.