മഹാരാഷ്ട്ര: നിയമവിരുദ്ധ മതപരിവർത്തനത്തിലൂടെ നടന്ന വിവാഹ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞ്, വിവാഹത്തിന് മുമ്പ് മാതാവ് പിന്തുടർന്നിരുന്ന മതത്തിൽപെട്ടതായി കണക്കാക്കുമെന്ന വിവാദ ബിൽ അവതരിപ്പിച്ച് മഹാരാഷ്ട്ര. വെള്ളിയാഴ്ച മഹാരാഷ്ട്ര നിയമസഭയിൽ അവതരിപ്പിച്ച ധർമ സ്വാതന്ത്ര്യ ബിൽ 2026 ആണ് നിർബന്ധിത മതപരിവർത്തന വിവാഹങ്ങളിലും മറ്റ് ബന്ധങ്ങളിലും ഉണ്ടാകുന്ന കുട്ടിയുടെ മതം കണക്കാക്കുന്നതിന് പ്രത്യേക നിബന്ധന കൊണ്ടുവന്നത്.
മതം മാറാൻ ഉദ്ദേശിക്കുന്നവർ ജില്ല മജിസ്ട്രേറ്റിന് 60 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും മതപരിവർത്തനത്തിനു ശേഷമുള്ള രേഖകൾ സമർപ്പിക്കണമെന്നും ബിൽ അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും, ആവർത്തിച്ചാൽ 10 വർഷം വരെ കഠിന തടവും ഏഴു ലക്ഷം രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.
ബിൽ പാസായാൽ അടുത്തിടെ മതംമാറ്റങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പത്താമത്തെ സംസ്ഥാനമാകും മഹാരാഷ്ട്ര. സമാന നിയമങ്ങൾ ഝാർഖണ്ഡ് (2017), ഉത്തരാഖണ്ഡ് (2018), ഹിമാചൽപ്രദേശ് (2019), ഉത്തർപ്രദേശ് (2020), ഗുജറാത്ത് (2021), മധ്യപ്രദേശ് (2021), ഹരിയാന (2022), കർണാടക (2022), രാജസ്ഥാൻ (2025) എന്നീ സംസ്ഥാനങ്ങളിലും നടപ്പാക്കിയിരുന്നു.
നിയമവിരുദ്ധ മതപരിവർത്തന കേസുകൾ വർധിച്ചതാണ് നടപടിക്ക് പിന്നിലെന്നാണ് അധികൃതരുടെ വാദം. മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന നിയമങ്ങൾ പരിശോധിക്കുന്നതിനുമെന്ന പേരിൽ മഹാരാഷ്ട്ര സർക്കാർ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. ഡി.ജി.പി ഉൾപ്പെട്ട ഈ പാനൽ മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം നടപ്പാക്കാൻ ശിപാർശ ചെയ്യുകയും ചെയ്തു.
ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും ആ അവകാശം സമ്പൂർണമല്ലെന്നും പൊതു ക്രമം, ധാർമികത, ആരോഗ്യം എന്നിവക്ക് വിധേയമാണെന്നുമുള്ള വാദഗതികളാണ് ബില്ലിനോടനുബന്ധിച്ച് ഉന്നയിക്കുന്നത്.
ഇത്തരമൊരു വിവാഹത്തിൽ ജനിക്കുന്ന കുട്ടിയുടെ മതം വ്യക്തമാക്കുന്നതിനു പുറമേ, പിന്തുടർച്ചാവകാശ നിയമങ്ങൾ അനുസരിച്ച് കുട്ടിക്ക് രണ്ട് മാതാപിതാക്കളുടെയും സ്വത്തുക്കളിൽ അനന്തരാവകാശം ഉണ്ടായിരിക്കുമെന്ന് ബില്ലിന്റെ സെക്ഷൻ 5 വ്യവസ്ഥ ചെയ്യുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) യുടെ സെക്ഷൻ 144 (ഭാര്യമാർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുടെ പരിപാലനത്തിനുള്ള ഉത്തരവ്) പ്രകാരം കുട്ടിക്ക് ജീവനാംശത്തിന് അർഹതയുണ്ട്. കോടതി മറ്റുവിധത്തിൽ നിർദേശിക്കാത്ത പക്ഷം കുട്ടിയുടെ സംരക്ഷണം മാതാവിന്റെ പക്കലായിരിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.