റെയില്‍വേ പുതിയ യൂനിഫോമണിയുന്നു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാര്‍ പുതിയ യൂനിഫോമിലേക്ക് മാറാനൊരുങ്ങുന്നു. അന്താരാഷ്ട്ര പ്രശസ്തയായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ റിതു ബേരിയാണ് റെയില്‍വേക്കായി പുതിയ യൂനിഫോം തയാറാക്കിയത്. യൂനിഫോമിന്‍െറ നാലു വ്യത്യസ്ത മാതൃകകള്‍ റിതു ബേരി സ്ഥാപനത്തിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിലും റെയില്‍വേ വെബ്സൈറ്റിലും പ്രദര്‍ശിപ്പിച്ച് പൊതുജനാഭിപ്രായം കൂടി വിലയിരുത്തിയാകും പുതിയ യൂനിഫോം അംഗീകരിക്കുകയെന്ന് റെയില്‍വേ മന്ത്രാലയം വക്താവ് അറിയിച്ചു. ഓഫിസ് ജീവനക്കാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, ടി.ടി.ഇ, ഗാര്‍ഡ്, ലോക്കോ പൈലറ്റ്, കാറ്ററിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 13 ലക്ഷം ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേക്കുള്ളത്.

ആദ്യഘട്ടമായി ഇതില്‍ അഞ്ചു ലക്ഷം പേര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ യൂനിഫോം നല്‍കാനാണ് പദ്ധതി. രാജ്യത്തിന്‍െറ പരമ്പരാഗത സംസ്കാരവും ആധുനിക ഇന്ത്യയും സമന്വയിക്കുന്ന രൂപകല്‍പനയാണ് യൂനിഫോമിനായി സ്വീകരിച്ചതെന്ന് റിതു ബേരി പറഞ്ഞു. ആദിവാസി കലകള്‍, ഇന്ത്യയുടെ ‘സുവര്‍ണ കാലഘട്ട’ത്തിലെ നാണയങ്ങളും വിനിമയോപാധിയും, നവാബ് പൈതൃകം, പോപ് ആര്‍ട്ട് എന്നീ പ്രമേയങ്ങളാണ് ഇതിനായി സ്വീകരിച്ചത്. ദിനംപ്രതി രണ്ടു കോടി യാത്രക്കാര്‍ സഞ്ചരിക്കുന്ന റെയില്‍വേയിലെ ജീവനക്കാരില്‍ ആത്മാഭിമാനമുണര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ യൂനിഫോം കൊണ്ടുവരുന്നതെന്നും ആദ്യ ഘട്ടത്തിന് 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും റെയില്‍വേ വക്താവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.